
വിഴിഞ്ഞം: മുല്ലൂരിൽ വൃദ്ധയെ അയൽവാസിയുടെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൃത്യമായ ആസൂത്രണം നടന്നതായി പൊലീസ്. കൊല്ലപ്പെട്ട ശാന്തകുമാരിയുടെ ആഭരണങ്ങളുമായാണ് പ്രതികൾ കടന്നു കളഞ്ഞത്. പോകുന്ന വഴിക്ക് സ്വർണാഭരണങ്ങളുടെ ഒരു ഭാഗം പണയം വച്ച് പണമാക്കുകയും ചെയ്‌തു.
പ്രതികളായ റഫീക്കയും മകൻ അൽ അമീനും തമ്മിൽ വീട്ടിൽ സ്ഥിരം വഴക്കുണ്ടാകുമായിരുന്നു. അതിനെ തുടർന്ന് വീട്ടുടമസ്ഥൻ വീടൊഴിയണമെന്ന് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം വീടൊഴിയാനായിരുന്നു റഫീക്കയും മകനും സുഹൃത്ത് ഷഫീഖും ചേർന്ന് പ്ലാനിട്ടത്. പോകുന്നതിന് മുന്നേ പണത്തിന് വേണ്ടി ശാന്തകുമാരിയെ കൊലപ്പെടുത്തി സ്വർണാഭരണങ്ങളും സ്വന്തമാക്കി.
ശേഷം മൃതദേഹം ഒളിപ്പിച്ചത് തട്ടിന് മുകളിലും. പെട്ടെന്ന് ആർക്കും സംശയം തോന്നാത്ത തരത്തിലായിരുന്നു ഒളിപ്പിച്ചതെങ്കിലും മൃതദേഹത്തിൽ നിന്നും ഇറ്റിറ്റ് വീണ രക്തം തളം കെട്ടി കിടക്കുന്നത് കണ്ട് നോക്കിയപ്പോഴാണ് ശാന്തകുമാരിയെ പൊലീസ് കണ്ടെത്തുന്നത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കഴക്കൂട്ടത്ത് വച്ച് പ്രതികളെ കിട്ടിയത്. ദിവസങ്ങളായി ശാന്തകുമാരിയെ കൊലപ്പെടുത്തുന്നതിനെ കുറിച്ച് പ്രതികൾ പദ്ധതിയിട്ടിരുന്നതായി പൊലീസ് പറഞ്ഞു.