
വിനീത് ശ്രീനിവാസൻ - പ്രണവ് മോഹൻലാൽ കൂട്ടുക്കെട്ടിൽ പിറക്കുന്ന ആദ്യ ചിത്രം എന്ന നിലയിൽ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഹൃദയം. ചിത്രത്തിന്റെ റിലീസ് ഈ മാസം 21നാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ, ചിത്രത്തിന്റെ റിലീസ് മാറ്റി വയ്‌ക്കുമെന്ന പ്രചാരണങ്ങൾ വന്നതോടെ കുറിപ്പുമായി എത്തിയിരിക്കുകയാണ് അണിയറ പ്രവർത്തകർ.
നിലവിൽ ചിത്രം റിലീസ് ചെയ്യാനുള്ള തീരുമാനത്തിൽ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. ലോക്ഡൗൺ, രാത്രി കാല കർഫ്യൂ പോലുള്ള നിയന്ത്രണങ്ങളൊന്നും വരാതിരുന്നാൽ 21 ന് തന്നെ സിനിമ കേരളത്തിൽ തീയേറ്ററുകളിൽ എത്തും. റിലീസ് മാറ്റി വച്ചുവെന്ന വാർത്ത പരക്കുന്നതിനാലാണ് ഇങ്ങനെയൊരു പോസ്റ്റെന്നും കുറിപ്പിൽ പറയുന്നു.
പ്രണവിന് പുറമേ കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. 42 വർഷത്തിന് ശേഷം മെറിലാൻഡ് സിനിമാസ് നിർമ്മിക്കുന്ന ചിത്രമാണെന്ന പ്രത്യേകതയുമുണ്ട്.