
ഏറെനാളായി ഉടൻ വരും ഉടനെ വരും എന്ന് നാം കേൾക്കുന്നതാണ് ആപ്പിളിന്റെ കണ്ണടയായ ആപ്പിൾ ഗ്ളാസ്. എന്നാൽ ഇടയ്‌ക്കിടെ ഗ്ളാസിലെ ചില ഫീച്ചറുകളെക്കുറിച്ചുളള വാർത്ത മാത്രമാണ് അറിയുന്നത്. ഇപ്പോഴിതാ ആപ്പിൾ ഗ്ളാസിന്റെ പുതിയൊരു സവിശേഷത പുറത്തുവന്നിരിക്കുകയാണ്. കാഴ്‌ച തകരാറുളളവർക്ക് അവർക്ക് ആവശ്യമുളള പവർ അനുസരിച്ച് ഗ്ളാസ് അഡ്‌ജസ്‌റ്റ് ചെയ്യാൻ കഴിയുമെന്നതാണ്.
ഹ്രസ്വദൃഷ്‌ടിയോ, ദീർഘദൃഷ്‌ടിയോ അസ്‌റ്റിഗ്‌മാറ്റിസമോ ഉളളവർക്ക് കാഴ്‌ച ഗ്ളാസ് സ്വയം അഡ്ജസ്‌റ്റ് ചെയ്‌ത് തരുമെന്നർത്ഥം. ഈ സവിശേഷതയ്‌ക്കുളള പേറ്റന്റ് വ്യാഴാഴ്‌ച ആപ്പിളിന് ലഭിച്ചു. എന്നാൽ എന്നാണ് ഗ്ളാസ് പുറത്തിറക്കുക എന്ന് ഇനിയും ആപ്പിൾ വ്യക്തമാക്കുന്നില്ല.
ഗ്ളാസിലെ ചില ഫീച്ചറുകൾക്ക് കൂടി പേറ്റന്റ് ലഭിക്കാനുണ്ടെന്നാണ് വിവരം. ഒരു ജോഡി കണ്ണടയിൽ ഒന്നോ അതിലധികമോ ലെൻസുകളുണ്ടാകാം. ഇത് ഉപഭോക്താവിന്റെ കണ്ണിന്റെ പവർ അനുസരിച്ച് ക്രമീകരിക്കാൻ സാധിക്കും. ഉപഭോക്താവ് നോക്കുന്നത് ട്രാക്ക് ചെയ്യുന്ന സെൻസർ സിസ്‌റ്റമായ കൺട്രോൾ സർക്യൂട്ട് സഹിതമാണ് ആപ്പിളിന്റെ വരവ്. പേറ്റന്റ് സവിശേഷതകളുളള കണ്ണടയിൽ പതിയുന്ന ചിത്രത്തിനനുസരിച്ച് വെളിച്ചം ക്രമീകരിക്കുന്നതിനെക്കുറിച്ച് മുൻപ് ആപ്പിൾ വെളിപ്പെടുത്തിയിരുന്നു.