
കോടികളുടെ സമ്പാദ്യം സ്വന്തമാക്കിയ പത്തുവയസ്സുകാരിയെ കുറിച്ചാണ് ഇപ്പോൾ സാമൂഹിക മദ്ധ്യമങ്ങൾ ചർച്ചചെയ്യുന്നത്. ഓസ്‌ട്രേലിയന്‍ സ്വദേശിനിയായ പിക്‌സി കേര്‍ട്ടിസാണ് ഈ കൊച്ചുമിടുക്കി. വിജയകരമായ രണ്ടുബിസിനസുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.
പിക്‌സീസ് ബൗവ്‌സ് എന്നാണ് പിക്‌സി നേതൃത്വം കൊടുക്കുന്ന കമ്പനിയുടെ പേര്. കുട്ടികളുടെ തലമുടി അലങ്കരിക്കാനുപയോഗിക്കുന്ന ഉത്പന്നങ്ങൾ നിർമ്മിക്കുന്ന ഈ കമ്പനി കുറച്ച് കാലം കൊണ്ട് തന്നെ വളരെ വലിയ ലാഭം സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെ രണ്ടാമത്തെ കമ്പനിക്ക് പിക്സി തുടക്കമിട്ടു. ഇതും വന്‍ വിജയമായിയെന്ന് അമേരിക്കന്‍ മാദ്ധ്യമങ്ങൾ റിപ്പോര്‍ട്ടു ചെയ്തു. പിക്‌സീസ് ഫിഡ്‌ഗറ്റ്സ് എന്ന പേരിട്ട രണ്ടാമത്തെ കമ്പനിയിൽ കുട്ടികള്‍ക്കുള്ള കളിക്കോപ്പുകളാണ് വിറ്റഴിക്കുന്നത്. ഈ രണ്ടുകമ്പനികളും ഒന്നിച്ച് പിക്‌സീസ് പിക്‌സ് എന്ന ബ്രാന്‍ഡിലാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. അമ്മ റോക്‌സി ജാസെന്‍കോയുമായി ചേര്‍ന്നാണ് പിക്‌സി ബിസിനസ് ചെയ്യുന്നത്. പിക്സിക്ക് രണ്ടുവയസ്സ് പ്രായമുള്ളപ്പോൾ അമ്മയാണ് കമ്പനി ആരംഭിച്ചത്. പിന്നീട് പിക്സിയുടെ പേരിലേക്ക് മാറ്റുകയായിരുന്നു.
എന്നാൽ 15-ാമത്തെ വയസ്സിൽ പിക്സി ബിസിനസിൽ നിന്ന് വിരമിക്കുമെന്ന് അമ്മ ജസെന്‍കോ സൂചിപ്പിച്ചത് മാദ്ധ്യമ ശ്രദ്ധ പിടിച്ചുപറ്റാൻ ഇടയാക്കി. പത്ത് വയസ്സിനുള്ളില്‍ പിക്‌സി ഒരുപാട് അനുഭവിച്ചിട്ടുണ്ട്. എന്നാല്‍, എളിമയും വിനയവുമുള്ള പെണ്‍കുട്ടിയാണവൾ. അവൾക്ക് നിരവധി സ്വപ്നങ്ങളുണ്ട്. കടൽ തീരത്തോട് ചേർന്ന് വീടും ഗാരേജില്‍ ലംബോര്‍ഗിനിയും അവളുടെ വലിയ സ്വപ്നമാണെന്നും അമ്മ പറഞ്ഞു. ബിസിനസ് തുടങ്ങിയ ആദ്യ കാലങ്ങളില്‍ പിക്‌സിക്ക് വലിയ താത്പര്യമുണ്ടായിരുന്നില്ല. എന്നാൽ പിന്നീട് ഇതിലേക്ക് എത്തിച്ചേരുകയായിരുന്നു. ഇപ്പോൾ സ്വപ്നങ്ങൾ നിറവേറ്റാൻ എത്ര ജോലിചെയ്യാനും അവൾക്ക് മടിയില്ലെന്നും ജസെന്‍കോ വ്യക്തമാക്കി.