yogi-adityanath

ന്യൂഡൽഹി: അടുത്ത മാസം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഖൊരക്‌പൂരിൽ മത്സരിക്കുമെന്ന് ബി ജെ പി. പാർട്ടിയുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക ഇന്ന് പുറത്തിറങ്ങിയിരുന്നു. അടുത്ത മാസം മാർച്ച് മൂന്നിനാണ് ഖൊരക്‌പൂരിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്.

ഉത്തർപ്രദേശിലെ ഉപമുഖ്യമന്ത്രിയായ കേശവ് പ്രസാദ് മൗര്യ പ്രയാഗ്‌രാജ് ജില്ലയിലെ സീറത്തിൽ മത്സരിക്കും. 2017 മുതൽ തുടർച്ചയായി അഞ്ച് വട്ടവും ലോകസഭയിലേയ്ക്ക് യോഗി മത്സരിച്ച് വിജയിച്ചത് ഖൊരക്‌പൂരിൽ നിന്നാണ്. നിയമസഭാ തിരഞ്ഞെടുപ്പിലെ തന്റെ കന്നിയങ്കത്തിനായി ക്ഷേത്ര നഗരികളായ അയോദ്ധ്യയോ മദുരയോ യോഗി തി‌രഞ്ഞെടുക്കുമെന്നായിരുന്നു അഭ്യൂഹം.

വളരെയധികം കൂടിയാലോചനകൾക്ക് ശേഷമാണ് തീരുമാനത്തിൽ എത്തിച്ചേ‌ർന്നതെന്നും പാർട്ടിയിലെ മുതിർന്ന നേതാക്കളാണ് അന്തിമ തീരുമാനം കൈകൊണ്ടതെന്നും കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. പാർട്ടി പറയുന്ന സീറ്റിൽ താൻ മത്സരിക്കുമെന്ന് യോഗി അറിയിച്ചതായും ഇതായിരുന്നു പാർട്ടിയുടെ തീരുമാനമെന്നും പ്രധാൻ വ്യക്തമാക്കി. എന്നാൽ ഖൊരക്‌പൂരിൽ തന്നെ മത്സരിക്കണമെന്ന് യോഗിയ്ക്ക് നിർബന്ധമുണ്ടെന്ന തരത്തിൽ ആക്ഷേപം ഉയർ‌ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഖൊരക്‌പൂരിൽ യോഗി മത്സരിക്കണമെന്ന് പാർട്ടി ആവശ്യപ്പെടുകയായിരുന്നെന്ന് പ്രധാൻ വ്യക്തമാക്കിയത്.

അതേസമയം, ഉത്തർപ്രദേശിൽ ബി ജെ പി കൂട്ട കൊഴിഞ്ഞുപോക്ക് നേരിടുകയാണ്. മൂന്ന് എം എൽ എമാരടക്കം പത്ത് പേരാണ് പാർട്ടിയിൽ നിന്ന് പുറത്തുപോയത്. 105 പേരടങ്ങിയ സ്ഥാനാർത്ഥി പട്ടികയാണ് ബി ജെ പി പുറത്തുവിട്ടത്.