
കോട്ടയം: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ സഹായിച്ച വിഐപി താനല്ലെന്ന് കോട്ടയത്തെ പ്രവാസി വ്യവസായിയായ മെഹ്ബൂബ് വെളിപ്പെടുത്തി. ദിലീപിനെ അറിയാമെങ്കിലും അടുത്തകാലത്തൊന്നും നടന്റെ വീട്ടിൽ പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ദിലീപുമായിട്ട് ബന്ധമുണ്ടെങ്കിലും ആകെ ആ വീട്ടിൽ പോയത് ഒരു തവണ മാത്രമാണ്. അതും മൂന്നു കൊല്ലം മുമ്പ്. ദേ പുട്ടിന്റെ ഖത്തർ ശാഖ തുറക്കുന്നതുമായി ബന്ധപ്പെട്ടാണ് പോയത് അന്ന് ചെല്ലുമ്പോൾ കാവ്യയും അമ്മയും അച്ഛനും ഒക്കെ ഉണ്ടായിരുന്നു.
ഹോട്ടൽ ഉദ്ഘാടനത്തിന് ക്ഷണിക്കാനാണ് അന്ന് പോയത്. ദിലീപ് ജാമ്യത്തിലിറങ്ങിയ ശേഷമാണോ വീട്ടിൽ പോയതെന്ന് ഓർമയില്ല. അതിന് കേസുമായി ഒരു ബന്ധവുമില്ല. ദിലീപിന്റെ സഹോദരനെയോ അളിയനെയോ അറിയില്ല. ദിലീപ് 'ഇക്ക' എന്നാണ് വിളിക്കുന്നത്. ബാലചന്ദ്രകുമാറിനെ അറിയില്ല. അദ്ദേഹം പറയുന്ന കാര്യങ്ങൾ പൊലീസ് തെളിയിക്കട്ടെ. ദിലീപുമായി ബിസിനസ് ബന്ധം മാത്രമേയുള്ളൂ.
നാർകോ അനലിസിസ് പരിശോധനയ്‌ക്കുൾപ്പെടെ എന്തിനും താൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു. തന്നെ ചേർത്ത് കഥകൾ പ്രചരിക്കുന്നത് സുഹൃത്തുക്കൾ പറഞ്ഞാണ് അറിഞ്ഞത്. അന്വേഷണ ഉദ്യോഗസ്ഥർ ആരും ഇതും വരെയും വിളിച്ചിട്ടില്ല.
നടിയെ അക്രമിച്ച ദൃശ്യങ്ങൾ ദിലീപിനെ ഏൽപ്പിച്ചതും കേസിലെ വിഐപി ആണെന്നാണ് ബാലചന്ദ്രകുമാർ നൽകിയിരിക്കുന്ന മൊഴി. ബാലചന്ദ്രകുമാർ സിനിമാചർച്ചയ്ക്കായി നടന്റെ വീട്ടിലുണ്ടായിരുന്ന ദിവസം ഈ പറയപ്പെടുന്ന വിഐപി അവിടെ എത്തിയിരുന്നു. കേസിന്റെ അന്വേഷണത്തിൽ നിന്നും ഡിജിപി ബി സന്ധ്യയെ ഒഴിവാക്കണമെന്ന് ദിലീപിന്റെ നിർദേശത്തെ തുടർന്ന് അദ്ദേഹം ഒരു മന്ത്രിയെ നേരിട്ട് വിളിച്ചു പറഞ്ഞുവെന്നതുമാണ് വിഐപിക്കെതിരായിട്ടുള്ള പ്രധാന ആരോപണങ്ങൾ.