akhilesh-yadhav

ലക്നൗ: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥി പട്ടിക ബി ജെ പി പുറത്തുവിട്ടതിന് പിന്നാലെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പരിഹസിച്ച് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. യോഗി ഖൊരക്‌പൂരിൽ നിന്ന് മത്സരിക്കുമെന്ന് ബി ജെ പി വെളിപ്പെടുത്തിയതിന് പിന്നാലെയാണ് അഖിലേഷ് യാദവ് രംഗത്തുവന്നത്.

ആദ്യം ബി ജെ പി പറഞ്ഞിരുന്നത് യോഗി അയോദ്ധ്യയിൽ നിന്ന് മത്സരിക്കുമെന്നാണ്. പിന്നീടത് മദുരയും പ്രയാഗ്‌രാജുമൊക്കെയായി. എന്നാൽ ഇപ്പോൾ യോഗി മത്സരിക്കുന്നത് ഖൊരക്‌പൂരിൽ നിന്നാണെന്ന് പറയുന്നു. പാർട്ടിയുടെ ഈ തീരുമാനം തനിക്കിഷ്ടമായെന്നും യോഗി അവിടെത്തന്നെയാണ് നിൽക്കേണ്ടതെന്നും മറ്റൊരിടത്തേക്കും പോകേണ്ട ആവശ്യമില്ലെന്നും അഖിലേഷ് യാദവ് പരിഹസിച്ചു.

യു പി നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പിയ്ക്ക് ശക്തമായ വെല്ലുവിളിയാണ് സമാജ്‌വാദി പാർട്ടി ഉയർത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി ബി ജെ പിയിലെ അഞ്ച് എം എൽ എമാർ പാർട്ടി വിട്ട് സമാജ്‌വാദിൽ ചേർന്നിരുന്നു. പാർട്ടി വിട്ടവരിൽ ഉൾപ്പെടുന്ന സ്വാമി പ്രസാദ് മൗര്യയും ദരം സിംഗ് സൈനിയും യോഗി സർക്കാരിലെ മന്ത്രിമാരായിരുന്നു.