
പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയത്തിന്റെ റിലീസ് നിശ്ചയിച്ച തീയതിയിൽ തന്നെ നടക്കും. ഒമിക്രോൺ ഭീഷണി കാരണം ഒരുപാട് സിനിമകളുടെ റിലീസ് നീട്ടുന്ന സാഹചര്യത്തിലാണ് ചിത്രം ജനുവരി 21 ന് തന്നെ പുറത്തിറങ്ങുമെന്ന് ഫേസ്ബുക്കിലൂടെ വിനീത് അറിയിച്ചത്. പ്രണവിനെ കൂടാതെ കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ തുടങ്ങിയവരും ഈ ചിത്രത്തിലുണ്ട്. മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യനാണ് ചിത്രം നിർമ്മിക്കുന്നത്. ഹൃദയം സിനിമയുടെ പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു. ഹിഷാം അബ്ദുൾ വഹാബ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.
അതേസമയം, ടൊവിനോ തോമസിനെ നായകനാക്കി ആഷിഖ് അബു നിർവഹിക്കുന്ന നാരദൻ എന്ന ചിത്രത്തിന്റെ റിലീസ് നീട്ടി. ജനുവരി 27 ന് തിയേറ്ററുകളിൽ എത്താനിരിക്കെയാണ് റിലീസ് മാറ്റിയത്. അന്ന ബെന്നാണ് ചിത്രത്തിലെ നായിക. സമകാലിക ഇന്ത്യയിലെ മാദ്ധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് നാരദൻ ഒരുക്കിയിരിക്കുന്നത്. ഉണ്ണി ആർ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഷറഫുദ്ദീൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി, വിജയ രാഘവൻ, ജോയ് മാത്യു, രൺജി പണിക്കർ തുടങ്ങിയവരും ഈ ചിത്രത്തിലുണ്ട്. സന്തോഷ് കുരുവിളയും റിമാ കല്ലിംഗലും ആഷിഖ് അബുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നേരത്തെ ദുൽഖർ സൽമാൻ ചിത്രം സല്യൂട്ടും റിലീസ് മാറ്റിയിരുന്നു.