samanvi-roopesh

ബംഗളൂരു: കന്നഡ റിയാലിറ്റി ഷോ ബാലതാരം സമൻവി രൂപേഷ് (ആറ്) അമ്മയ്‌ക്കൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കവെ ടിപ്പറിടിച്ചു മരിച്ചു. പ്രമുഖ ഹരികഥ കലാകാരൻ ഗുരുരാജുലുവിന്റെ കൊച്ചുമകളാണ്. നന്നമ്മ സൂപ്പർ സ്റ്റാർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് സമൻവി പ്രശസ്തയായത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെ കനകപുര റോഡിലെ വജറഹള്ളി ക്രോസിൽ വച്ചാണ് സംഭവം നടന്നത്. അമ്മയും ടെലിവിഷൻ താരവുമായ അമൃത നായിഡുവിനോടൊപ്പം (34) ഷോപ്പിംഗിന് ശേഷം സ്കൂട്ടറിൽ മടങ്ങുകയായിരുന്നു സമൻവി. തുടർന്ന് കോനനകുണ്ഡെ ക്രോസിൽ വച്ച് അതിവേഗത്തിലെത്തിയ ടിപ്പർ ഇടിക്കുകയായിരുന്നു. അമ്മയും മകളും റോഡിലേക്കു തെറിച്ചുവീണു. ആശുപത്രിയിൽ എത്തിച്ചെങ്കിലും സമൻവിയുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ അമൃത ആശുപത്രിയിൽ ചികിത്സയിലാണ്. സമൻവിയുടെ പിതാവ് രൂപേഷ് ട്രാഫിക് വാർഡനാണ്. ടിപ്പർ ഡ്രൈവറെ അറസ്റ്റ് ചെയ്തു.