rt

കടുത്തുരുത്തി : വീട്ടിൽ അതിക്രമിച്ചു കയറിയ അയൽവാസിയായ വീട്ടമ്മയെ ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെ പ്രത്യാക്രമണത്തിൽ മദ്ധ്യവയസ്‌കൻ മരിച്ചു. കാപ്പുന്തല പാലേക്കുന്നേൽ സജി ഭാസ്‌കരൻ (55) ആണ് മരിച്ചത്. നിരവധികേസുകളിലെ പ്രതിയാണ് ഇയാൾ. സജിയുടെ ആക്രമണത്തിൽ വീട്ടമ്മ ഉൾപെടെ മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ കാപ്പുന്തലയിലാണ് സംഭവം. നീരാളത്തിൽ സി.സി.ജോസഫിന്റെ ഭാര്യ അന്ന (മോളി - 60), ബേബിയുടെ സഹോദരങ്ങളായ സി.സി രാജു (60), സി.സി ജോൺ (62) എന്നിവർക്കാണ് പരിക്കേറ്റത്. രാജു തെള്ളകത്തെ ആശുപത്രിയിലും ജോണും,മോളിയും മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. സംഭവസമയത്ത് ബേബി വീട്ടിൽ ഇല്ലായിരുന്നു. മോളിയുടെ നിലവിളികേട്ട് ജോണിയും രാജുവും ഓടിയെത്തിയെങ്കിലും സജി കൈവശം കരുതിയ കത്തി ഉപയോഗിച്ച് രാജുവിന്റെ വയറിൽ കുത്തി. ഇതിനിടെ സ്വരക്ഷയ്ക്കായി കുടുംബാംഗങ്ങൾ നടത്തിയ പ്രത്യാക്രമണത്തിൽ സജിക്ക് സാരമായി പരിക്കേറ്റു. വിവരമറിഞ്ഞ് കടുത്തുരുത്തി പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു. അവശനിലയിലായിരുന്ന സജിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു. പതിനഞ്ച് വർഷം മുമ്പ് സജിയുടെ ഭാര്യയും മൂന്ന് മക്കളും ആത്മഹത്യ ചെയ്തിരുന്നു. ഇതിൽ അയൽവാസികൾക്ക് പങ്കുെണ്ടന്ന് വിശ്വസിച്ചിരുന്ന സജി പലതവണ ഇവരെ ആക്രമിച്ചിരുന്നു. 2017-ൽ ബേബിയുടെ സഹോദരൻ നീരാളത്തിൽ തോമസിനെ വണ്ടി ഇടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സജി, അയൽവാസിയായ പാലേക്കുന്നേൽ അജിത് കുമാറിനെ കമ്പി വടിക്കടിച്ചു ഗുരുതരമായി പരിക്കേൽപ്പിച്ചിരുന്നു.ജില്ലാ പൊലീസ് സൂപ്രണ്ട് ഡി.ശില്പയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.