
ലണ്ടൻ : യു.കെയിൽ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ രാജിയ്ക്കായി സമ്മർദ്ദമേറുന്നു. കഴിഞ്ഞ വർഷം ബ്രിട്ടണിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കെ ഡൗണിംഗ് സ്ട്രീറ്റിൽ നടത്തിയ പാർട്ടികളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നതോടെ ബോറിസിന് മേലുള്ള വിമർശനങ്ങളും ഉയരുകയാണ്. പ്രതിപക്ഷവും ബ്രിട്ടീഷ് ജനതയും മാത്രമല്ല, സ്വന്തം പാർട്ടിയിലെ മുതിർന്ന ചിലരും ബോറിസിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
ലോക്ക്ഡൗൺ സമയത്ത് എല്ലാ ആഴ്ചയും ഡൗണിംഗ് സ്ട്രീറ്റിൽ ഒത്തുകൂടലുകൾ നടന്നിരുന്നതായും സ്റ്റാഫുകൾ ബിയറുകളും വൈനുകളും വാങ്ങിക്കൂട്ടിയതായുമാണ് പുതിയ റിപ്പോർട്ടുകൾ. വൈനുകളും ബിയറുകളും തണുപ്പോടെ സൂക്ഷിക്കാൻ റഫ്രിജറേറ്റർ പോലും ഏർപ്പാടാക്കിയതായാണ് വിവരം.
ലോക്ക്ഡൗൺ കാലയളവിൽ ബോറിസിന്റെ ഔദ്യോഗിക വസതിയിലും സർക്കാർ മന്ദിരങ്ങളിലുമായി കുറഞ്ഞത് പതിനൊന്ന് മദ്യ സൽക്കാരങ്ങളെങ്കിലും നടന്നതായാണ് ആരോപണം. മദ്യസൽക്കാരത്തിലേക്ക് ക്ഷണിച്ചുകൊണ്ട് ബോറിസിന്റെ പ്രൈവറ്റ് സെക്രട്ടറി മാർട്ടിൻ റെയ്‌നോൾഡ് ഡൗണിംഗ് സ്ട്രീറ്റിലെ നൂറിലേറെ സ്റ്റാഫുകൾക്കയച്ച ഇ മെയിലും നേരത്തെ പുറത്തുവന്നിരുന്നു.
സൂപ്പർ മാർക്കറ്റുകളിൽ നിന്ന് സ്യൂട്ട്കേസുകളിലാണ് മദ്യം ഡൗണിംഗ് സ്ട്രീറ്റിലേക്ക് ജീവനക്കാർ എത്തിച്ചിരുന്നതെന്ന് ഒരു ബ്രിട്ടീഷ് മാദ്ധ്യമം വെളിപ്പെടുത്തി. ' വൈൻ ടൈം ഫ്രൈഡേസ് " എന്നറിയപ്പെടുന്ന പ്രതിവാര ഒത്തുചേരലുകൾ വൈകിട്ട് 4 മുതലാണ് നടന്നിരുന്നത്.
ഡൗണിംഗ് സ്ട്രീറ്റിലെ ഔദ്യോഗിക വസതിയിൽ കഴിഞ്ഞ മേയ് 15ന് നടന്ന പാർട്ടിയുടെ ചിത്രം പുറത്തുവന്നതോടെ കഴിഞ്ഞ ബുധനാഴ്ച പാർലമെന്റിൽ ബോറിസ് ക്ഷമാപണം നടത്തിയിരുന്നു. നിലവിൽ സ്യൂ ഗ്രേ എന്ന മുതിർന്ന സിവിൽ ഓഫീസറുടെ നേതൃത്വത്തിലാണ് പാർട്ടികളെ സംബന്ധിച്ച അന്വേഷണം നടക്കുന്നത്. അതേ സമയം, കൊവിഡ് നിയമങ്ങളുടെ ഗുരുതരമായ ക്രിമിനൽ ലംഘനം നടന്നിട്ടില്ലെന്ന നിഗമനത്തിലാകും അന്വേഷണ റിപ്പോർട്ട് എത്താൻ സാദ്ധ്യതയെന്നാണ് ബ്രിട്ടീഷ് മാദ്ധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
അന്വേഷണ റിപ്പോർട്ടിനെ ആശ്രയിച്ചായിരിക്കും പൊലീസിന്റെ ഭാഗത്ത് നിന്നുള്ള നടപടികളും. അതേ സമയം, ഫിലിപ്പ് രാജകുമാരന്റെ സംസ്കാരച്ചടങ്ങിന്റെ തലേ ദിവസമായ ഏപ്രിൽ 16ന് ഡൗണിംഗ് സ്ട്രീറ്റിലെ ഉദ്യോഗസ്ഥർ നടത്തിയ രണ്ട് ഫെയർവെൽ പാർട്ടികളുടെ പേരിൽ എലിസബത്ത് രാജ്ഞിയോട് പ്രധാനമന്ത്രിയുടെ ഓഫീസ് ക്ഷമാപണം നടത്തി. രാജ്യത്ത് ദുഃഖാചരണം നിലനിൽക്കെ നടന്ന ഈ പാർട്ടികളിൽ ബോറിസ് പങ്കെടുത്തിരുന്നില്ല.