
ന്യൂഡൽഹി: എട്ട് യാത്രക്കാരെ വരെ കയറ്റാൻ ശേഷിയുള്ള കാറുകളിൽ ആറ് എയർബാഗുകൾ നിർബന്ധമാക്കുന്ന കരട് വിജ്ഞാപനത്തിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അനുമതി നൽകി. നിലവിൽ മിക്ക വാഹനങ്ങൾക്കും ഡ്രൈവറിനും മുൻസീറ്റ് യാത്രക്കാരനും മാത്രമാണ് എയർബാഗുള്ളത്. എന്നാൽ ഇന്നോവ പോലുള്ള ചില വാഹനങ്ങളുടെ ടോപ് വേരിയന്റിന് ഏഴ് എയർ ബാഗുകൾ വരെയുണ്ട്. മുൻവശത്തെ രണ്ട് എയർബാഗുകളെ കൂടാതെ വശങ്ങളിലായിരിക്കും ബാക്കിയുള്ള എയർബാഗുകൾ വരിക. വാഹനം അപകടത്തിൽപെടുമ്പോൾ മുന്നിൽ നിന്നും വശങ്ങളിൽ നിന്നുമുള്ള ഇടിയുടെ ആഘാതം ചെറുക്കാൻ കൂടുതൽ എയർബാഗുകൾ യാത്രക്കാരെ സഹായിക്കും.
എന്നാൽ ഇന്നോവയിൽ പോലും ടോപ് വേരിയന്റിന് മാത്രമാണ് വശങ്ങളിലുള്ള എയർബാഗുകൾ ലഭ്യമാകുക. ബേസ് മോഡലിൽ ഡ്രൈവറിനും മുൻസീറ്റ് യാത്രക്കാരനും മാത്രമായിരിക്കും എയർ ബാഗുകൾ ലഭ്യമാകുക.
അരയ്ക്കു താഴെയുള്ള ശരീരഭാഗങ്ങളെ സംരക്ഷിക്കാൻ സീറ്റിലും ഡോറുകളിലും ഘടിപ്പിക്കുന്ന രണ്ട് സൈഡ് ടോർസോ എയർബാഗുകളും തലയ്‌ക്ക് ക്ഷതമേൽക്കുന്നത് തടയാനുള്ള രണ്ട് കർട്ടൻ/ട്യൂബ് എയർബാഗുകളുമാണ് കൂടുതലായി ഘടിപ്പിക്കേണ്ടത്. വിലകൂടിയതും കുറഞ്ഞതുമായ എല്ലാമോഡൽ കാറുകളിലും ഇവ നിർബന്ധമാക്കും. നാല് എയർബാഗുകൾ കൂടി ഘടിപ്പിക്കുമ്പോൾ കാർ വിലയിൽ 30,000 രൂപാ വരെ കൂടാനിടയുണ്ട്. 2019 ജൂലായ് മുതൽ ഡ്രൈവർമാർക്കും 2021 ജനുവരി മുതൽ മുന്നിലിരിക്കുന്ന യാത്രക്കാരനും എയർബാഗ് നിർബന്ധമാക്കിയിരുന്നു.