തിരുവനന്തപുരം: കുഞ്ചൻ നമ്പ്യാർ സ്മാരക സമിതി ഏർപ്പെടുത്തിയ സമഗ്ര സംഭാവനയ്ക്കുള്ള 2021ലെ മഹാകവി കുഞ്ചൻ നമ്പ്യാർ അവാർഡ് പ്രശസ്ത നോവലിസ്റ്റും കേരള സാഹിത്യ അക്കാഡമി മുൻ പ്രസിഡന്റുമായ പെരുമ്പടവം ശ്രീധരന് നൽകും. 25,001 രൂപയും ബി.ഡി. ദത്തൻ രൂപകല്പനചെയ്ത ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ് എന്ന് ജൂറി ചെയർമാൻ ഡോ. ഇന്ദ്രബാബു വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഈടുറ്റ വായനയെ ജനകീയമാക്കിയ എഴുത്തുകാരനാണ് പെരുമ്പടവം ശ്രീധരൻ. അഭയം, അഷ്ടപദി, ഒരു സങ്കീർത്തനംപോലെ, അരൂപിയുടെ മൂന്നാം പ്രാവ് തുടങ്ങിയ നോവലുകളിലൂടെ മലയാളികളുടെ ഹൃദയത്തിൽ സ്ഥിരപ്രതിഷ്ഠനേടിയ പെരുമ്പടവം കവിത തുളുമ്പുന്ന ഭാഷയിലാണ് കഥ പറഞ്ഞത്. ധ്യാനനിരതമായ വാക്കുകൾക്ക് ഈണംപകരുന്ന ജാലവിദ്യയാണ് പെരുമ്പടവം ശ്രീധരനെ ഏകാന്തസഞ്ചാരിയാക്കിയതെന്നും ജഡ്ജിംഗ് കമ്മിറ്റി വിലയിരുത്തി
കേരള സർവകലാശാല നാടക പഠനവിഭാഗം ഡയറക്ടർ ഡോ. രാജാവാര്യർ, പാങ്ങോട് മന്നാനിയ കേളേജ് മലയാളവിഭാഗം മുൻ മേധാവി പ്രൊഫ. ഡോ. എം.എസ്. നൗഫൽ എന്നിവരാണ് ജൂറിയിലെ മറ്റ് അംഗങ്ങൾ. കാൽ നൂറ്റാണ്ട് മുൻപ് ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ മുഖ്യ രക്ഷാധികാരിയായി പ്രവർത്തനം ആരംഭിച്ച സമിതിയുടെ സ്ഥാപക പ്രസിഡന്റായ കഥാകൃത്തും മലയാളനാട് വാരികയുടെ മാനേജിംഗ് എഡിറ്ററുമായിരുന്ന അകാലത്തിൽ അന്തരിച്ച എ.ആർ. ഷാജിയുടെ ഓർമ്മയ്ക്കായി സമിതി ഏർപ്പെടുത്തിയ കുഞ്ചൻനമ്പ്യാർ കഥ അവാർഡ് സ്മിത ദാസ് (കൃതി: ശംഖുപുഷ്പങ്ങൾ), ടി.വി. സജിത് (കൃതി: ഭൂമി പിളരുംപോലെ) എന്നിവർക്കും കുഞ്ചൻ നമ്പ്യാർ നടനപ്രതിഭ പുരസ്‌കാരം നൃത്താദ്ധ്യാപികയും നടിയുമായ എസ്.ഗീതാഞ്ജലിക്കും നൽകും.
കവിതാവിഭാഗത്തിൽ സ്റ്റെല്ല മാത്യു (കൃതി: എന്റെ മുറിവിലേക്ക് ഒരു പെൺപ്രാവ് പറക്കുന്നു), ശ്യാം തറമേൽ (കൃതി: എന്റെ പൂച്ചക്കണ്ണുള്ള കാമുകിമാർ) പഠനവിഭാഗത്തിൽ ഡോ. കാർത്തിക എസ്.ബി (കൃതി: ബെന്യാമിന്റെ നോവൽലോകം), മോഹൻദാസ് സൂര്യനാരായണൻ (കൃതി: മൂവറ്റുപുഴയുടെ നഗരപുരാവൃത്തങ്ങൾ)എന്നിവർക്കും നോവൽ വിഭാഗത്തിൽ ബർഗ്മാൻ തോമസ് (കൃതി: പെൺപിറ), ബാലസാഹിത്യത്തിൽ പ്രശാന്ത് വിസ്മയ(കൃതി: കുക്കുടു വനത്തിലെ വിശേഷങ്ങൾ) എന്നിവർക്കുമാണ് പുരസ്‌കാരം. യുവ എഴുത്തുകാരി രശ്മി ശെൽവരാജിന് പ്രോത്സാഹനസമ്മാനം നൽകാനും ജൂറി ശുപാർശചെയ്തു.
. ഫെബ്രുവരി ആദ്യവാരം കൊവിഡ് പ്രേട്ടോക്കാൾ പാലിച്ച് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കും. സമിതി സെക്രട്ടറി പഴുവടി രാമചന്ദ്രൻനായർ, പ്രോഗ്രാം കോർഡിനേറ്റർ ജയശ്രീ ചന്ദ്രശേഖരൻനായർ, കൺവീനർ ഉണ്ണി അമ്മയമ്പലം എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.