
നീരൊഴുക്ക് തടസ്സപ്പെടും,
പ്രളയം, ഉരുൾപൊട്ടൽ സാദ്ധ്യത
#3.56 മണിക്കൂർ:യാത്രാസമയം .
# 05 വർഷം: പൂർത്തിയാക്കാൻ
# 237കോടി: വരുമാനം
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുടെ വിശദമായ പഠന റിപ്പോർട്ട് (ഡി.പി.ആർ) ഇന്നലെ നിയമസഭയുടെയും സർക്കാരിന്റെയും വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തു. രഹസ്യരേഖയായതിനാൽ പുറത്തുവിടാനാവില്ലെന്നാണ് ഇതുവരെ പറഞ്ഞിരുന്നത്. അൻവർ സാദത്ത് എം.എൽ.എ ഉന്നയിച്ച നക്ഷത്ര ചിഹ്നമിടാത്ത ചോദ്യത്തിന് കഴിഞ്ഞ ഒക്ടോബർ 27ന് മുഖ്യമന്ത്റി മറുപടി നൽകിയിരുന്നു. ഡി.പി.ആറിന്റെ സി.ഡി നിയമസഭയിൽ വയ്ക്കാമെന്ന് പറഞ്ഞെങ്കിലും ലഭ്യമാക്കിയിരുന്നില്ല. മുഖ്യമന്ത്റി പിണറായി വിജയന്റെ ഈ നടപടിക്കെതിരെ അൻവർ സാദത്ത് അവകാശ ലംഘനത്തിന് സ്പീക്കർക്ക് നോട്ടീസ് നൽകിയതിന് പിറ്റേന്നാണ് ഒമ്പത് ഭാഗങ്ങളിലായി 3773 പേജുള്ള റിപ്പോർട്ട് പുറത്തുവിട്ടത്.
തിരുവനന്തപുരത്ത് കൊച്ചുവേളിയിൽ ആരംഭിച്ച് കാസർകോട് വരെ 529.45 കിലോമീറ്റർ സ്റ്റാൻഡേർഡ് ഗേജ്പാതയാണ്. നിലവിൽ 12മണിക്കൂറെടുക്കുന്ന യാത്ര 3.56 മണിക്കൂറായി ചുരുങ്ങും. അഞ്ചു വർഷം കൊണ്ട് സർവീസ് തുടങ്ങാനാവും. ഒരു ട്രെയിനിൽ 675യാത്രക്കാർ. ടിക്കറ്റ് നിരക്ക് കിലോമീറ്ററിന് 2.75രൂപ. റോ-റോ സർവീസിൽ ദിവസം 480 ട്രക്കുകൾ. വേഗം 120 കിലോമീറ്റർ. 237കോടി വരുമാനം. നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് കണക്ടിവിറ്റി. ഭാവിയിൽ തിരുവനന്തപുരം വിമാനത്താവളത്തിലേക്കും. ഓഹരിയുടമകൾക്ക് 13.5 % ലാഭവിഹിതം. ആകെ ചെലവ് 63,941 കോടി. 33,700 കോടി വിദേശവായ്പയെടുക്കണം. പൊതു–സ്വകാര്യ പങ്കാളിത്തത്തോടെ ടൂറിസ്റ്റുകൾക്കായി പ്രത്യേക ട്രെയിൻ ഭാവിയിൽ ഓടിക്കും.
നിർമ്മാണ ഘട്ടത്തിൽ ജലാശയങ്ങളിലെ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുമെന്ന് ഡി.പി.ആറിൽ വിശദമാക്കുന്നു. ദ്രുതപരിസ്ഥിതി ആഘാത പഠനമാണ് നടത്തിയത്. പമ്പ, അച്ചൻകോവിൽ, മണിമല നദികളുടെ നീരൊഴുക്കാണ് തടസ്സപ്പെടുക. ഇത് ഉരുൾപൊട്ടലിനും പ്രളയത്തിനും ഇടയാക്കും. എന്നാൽ, പദ്ധതി പ്രവർത്തനം തുടങ്ങുന്നതോടെ ഈ അവസ്ഥ മാറുമെന്നാണ് വിശദീകരണം.
നദികൾ, കനാലുകൾ, അരുവികൾ എന്നിവിടങ്ങളിൽ കൂടിയാണ് പദ്ധതി കടന്നുപോകുന്നതെന്നതിനാൽ തന്നെ നിർമ്മാണ സമയത്തെ മാലിന്യങ്ങൾ സംസ്കരിക്കുന്നത് അതീവശ്രദ്ധയോടെ ആയിരിക്കണം. മാലിന്യങ്ങൾ ശരിയായ രീതിയിൽ സംസ്കരിക്കാതെ ജലാശയങ്ങൾക്ക് സമീപം ഒഴുക്കുന്നത് ജലമലിനീകരണത്തിന് ഇടയാക്കും. ഭൂഗർഭ, ഉപരിതല ജലത്തിന്റെ ഗുണം കുറയുന്ന പ്രശ്നങ്ങളും നിർമ്മാണ സമയത്ത് ഉണ്ടാകാമെന്നും പറയുന്നു. പദ്ധതി കടന്നുപോകുന്ന മേഖലകളിൽ പൊളിച്ചുമാറ്റേണ്ട കെട്ടിടങ്ങളുടെ സർവേ നമ്പറും ഡി.പി.ആറിലുണ്ട്.