kk

തൃശ്ശൂർ: തിരുവനന്തപുരത്ത് ജില്ലാസമ്മേളനത്തിൽ 500ലേറെ പേർ പങ്കെടുത്ത തിരുവാതിരക്കളി വിവാദമായതിന്റെ ചൂടാറുംമുൻപ് തൃശൂരിലും നൂറിലേറെ ആളുകളെ പങ്കെടുപ്പിച്ച് സിപിഎമ്മിന്റെ തിരുവാതിരക്കളി. സി.പി.എം തൃശൂർ ജില്ലാ സമ്മേളനത്തിന് മുന്നോടിയായാണ് തെക്കുംകര വെസ്റ്റ് ലോക്കൽ കമ്മിറ്റി തിരുവാതിരക്കളി സംഘടിപ്പിച്ചത്. ഊരോംകാട് അയ്യപ്പ ക്ഷേത്ര പരിസരത്തായിരുന്നു പരിപാടി.കൊവിഡ് മാനദണ്ഡം പാലിച്ചാണ് തിരുവാതിര സംഘടിപ്പിച്ചതെന്നാണ് സംഘാടകരുടെ വിശദീകരണം. എല്ലാവരും മാസ്ക്ക് ധരിച്ചിരുന്നു.

സാമൂഹിക അകലവും പാലിക്കാൻ നിർദ്ദേശിച്ചിരുന്നു.

പാറശാലയിൽ നടന്ന മെഗാ തിരുവാതിര തെറ്റായ നടപടിയെന്ന് പാർട്ടിതന്നെ സമ്മതിച്ചിരിക്കെയാണ് വീണ്ടും സമാനമായ പരിപാടി അവതരിപ്പിച്ചിരിക്കുന്നത്.അതേസമയം, തിരുവാതിരക്കളി പോലെ ആളുകൾ കൂടുന്ന പരിപാടികൾ തൽക്കാലത്തേയ്ക്കു നിർത്തിവയ്ക്കാൻ നിർദേശം നൽകിയതായി ജില്ലാ നേതൃത്വം അറിയിച്ചു. 21 മുതൽ 23 വരെയാണ് സിപിഎമ്മിന്റെ തൃശൂർ ജില്ലാ സമ്മേളനം.