us-hostages-released-

വാഷിംഗ്ടൺ: അമേരിക്കയിലെ ടെക്സസിൽ ജൂത പള്ളിയിൽ ബന്ദികളാക്കിവരെ മോചിപ്പിച്ചു. പത്ത് മണിക്കൂർ നീണ്ട് നിന്ന സൈനിക നടപടിയിലൂടെയാണ് അക്രമിയെ വധിച്ച് ബന്ദികളെ മോചിപ്പിച്ചത്. ജൂത പള്ളിയിൽ പ്രാർത്ഥനയ്‌ക്കെത്തിയ നാല് പേരെയാണ് അക്രമി ബന്ദികളാക്കിയത്. പിന്നീട് ഇതിൽ ഒരാളെ വിട്ടയച്ചിരുന്നു. സുരക്ഷാ സേനയുടെ നടപടിക്കിടെ സംഭവസ്ഥലത്ത് നിന്നും സ്‌ഫോടന ശബ്ദവും വെടിയൊച്ചകളും കേട്ടതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അമേരിക്കയിൽ എൺപത്തിയാറ് വർഷത്തെ തടവുശിക്ഷ അനുഭവിക്കുന്ന 'ലേഡി ഖ്വയ്ദ' എന്ന് വിളിക്കുന്ന പാക് ഭീകര വനിത ആഫിയ സിദ്ദീഖിയെ വിട്ടയക്കണമെന്നാണ് അക്രമിയുടെ ആവശ്യം. അക്രമി ഇവരുടെ സഹോദരനാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഇയാൾ ആയുധധാരിയായിരുന്നുവെന്നും അജ്ഞാത സ്ഥലങ്ങളിൽ ബോംബുകളുണ്ടെന്ന് അവകാശപ്പെട്ടതായും എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു.

പുരോഹിതനടക്കമുള്ളവർ ബന്ദികളായതിന് പിന്നാലെ സുരക്ഷാ സേന പള്ളി വളഞ്ഞിരുന്നു. തുടർന്ന് പ്രദേശത്തെ മുഴുവൻ ജനങ്ങളെയും ഒഴിപ്പിച്ചു. ചാവേർ ബോംബാക്രമണം ആസൂത്രണം ചെയ്തുവെന്നും രാസായുധങ്ങളും ബോംബുകളും എങ്ങനെ നിർമിക്കാമെന്നതിനെക്കുറിച്ചുള്ള കുറിപ്പുകൾ കൈവശം വച്ചുവെന്നതും ആരോപിച്ചാണ് ആഫിയയെ അമേരിക്ക കസ്റ്റഡിയിലെടുത്തത്. കുറ്റക്കാരിയാണെന്ന് ന്യൂയോർക്ക് കോടതി കണ്ടെത്തിയതിനെ തുടർന്ന് 86വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. ടെക്സാസിലെ ഫോർട്ട് വർത്തിലുള്ള ഫെഡറൽ മെഡിക്കൽ സെന്റർ ജയിലിലാണ് ഇപ്പോൾ ആഫിയ.