
പനാജി : നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗോവയ്ക്ക് വാഗ്ദ്ധാന പെരുമഴ നൽകി ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനർ അരവിന്ദ് കേജ്രിവാൾ. ഗോവയ്ക്കായി 13 പോയിന്റുകളുള്ള പട്ടിക ന്യൂഡൽഹിയിൽ അദ്ദേഹം പുറത്തിറക്കി. പട്ടികയിൽ വിദ്യാഭ്യാസം, ആരോഗ്യം, വ്യാപാരം, വ്യവസായം, ഉപജീവനമാർഗം, ഖനനം, അടിസ്ഥാന സൗകര്യം എന്നീ മേഖലകളിൽ തന്റെ പാർട്ടി അധികാരത്തിലെത്തിയാൽ കൊണ്ടുവരുന്ന മാറ്റങ്ങളെ കുറിച്ച് അദ്ദേഹം വിവരിച്ചിട്ടുണ്ട്.
ആം ആദ്മി പാർട്ടി ഗോവയിൽ അധികാരത്തിൽ വന്നാൽ ഓരോ കുടുംബത്തിനും അഞ്ച് വർഷത്തിനുള്ളിൽ പത്ത് ലക്ഷം രൂപയുടെ നേട്ടമുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. 10 ലക്ഷം രൂപ നേരിട്ട് ലാഭിക്കാനാവുന്ന പദ്ധതികൾ നടപ്പിലാക്കും. ഇതിനായി സംസ്ഥാനത്ത് സൗജന്യമായി വൈദ്യുതി വിതരണം ചെയ്യും, തൊഴിലില്ലായ്മ വേതനം, സ്ത്രീകൾക്ക് പ്രതിമാസം 1,000 രൂപ, ഓരോ കുടുംബത്തിനും 40,000 - 50,000 രൂപയുടെ സൗജന്യ ആരോഗ്യ ആനുകൂല്യങ്ങൾ, സൗജന്യ വിദ്യാഭ്യാസം, വെള്ളം എന്നിവ നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ഈ ആനുകൂല്യങ്ങളെല്ലാം ചേർത്താൽ ഏകദേശം രണ്ട് ലക്ഷം രൂപയാണ് പ്രതിവർഷം ലഭിക്കുന്നത്, ഇത്തരത്തിൽ ഓരോ കുടുംബവും അഞ്ച് വർഷം കൊണ്ട് പത്ത് ലക്ഷം രൂപ ലാഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ വിജയിച്ച മൊഹല്ല ക്ലിനിക്കുകൾ ഗോവയിലെ എല്ലാ ഗ്രാമങ്ങളിലും ജില്ലയിലും സ്ഥാപിക്കും.
ഇന്ത്യയിലെ ഏറ്റവും സത്യസന്ധമായ പാർട്ടിയായി മോദി തന്റെ പാർട്ടിയെ തിരഞ്ഞെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിബിഐയെ അഴിച്ചുവിട്ട് തനിക്കെതിരെ റെയിഡുകൾ നടത്തി, 400 ഫയലുകൾ പരിശോധിക്കാൻ ഒരു കമ്മീഷനെ രൂപീകരിച്ചു എന്നിട്ടും ഒന്നും കണ്ടെത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.