
ലോക പ്രശസ്ത ശിവ ക്ഷേത്രമാണ് പള്ളികൊണ്ടേശ്വര്‍. ഇന്ത്യയിലെ മറ്റൊരു ക്ഷേത്രത്തിലും കാണാത്ത വിധത്തിൽ സംഹാര മൂർത്തിയായ പരമശിവൻ ശയനം ചെയ്യുന്ന വിഗ്രഹം കാണപ്പെടുന്നതാണ് ഈ ക്ഷേത്രത്തെ മറ്റു ശിവ ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.തമിഴ്നാട്-ആന്ധ്ര അതിര്‍ത്തിയില്‍ ഊറ്റുകോട്ട എന്ന ഗ്രാമമുണ്ട്. ഇവിടെനിന്നും മൂന്ന് കി.മീ. അകലെ ആന്ധ്രാ സംസ്ഥാനത്ത് ചിറ്റൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് സുരട്ടുപള്ളി. ഇവിടെയാണ് സർവ സംഹാര മൂർത്തിയും ഭക്തജന പ്രിയനുമായ മഹാദേവൻ കുടിക്കൊള്ളുന്ന പള്ളികൊണ്ടേശ്വര്‍ സ്ഥിതിചെയ്യുന്നത്. ശിവന്‍ പള്ളികൊണ്ടിരിക്കുന്നതിനാലാണ് ഈ മഹാ ക്ഷേത്രത്തിന് 'പള്ളികൊണ്ടേശ്വര്‍' എന്ന് പേര് ലഭിച്ചത്.
പ്രതിഷ്ഠക്ക് പിന്നിലെ ഐതിഹ്യം
ദേവന്മാരും അസുരന്മാരും ചേര്‍ന്ന് പാലാഴി കടയുവാന്‍ തുടങ്ങി. കടയുന്നതിനിടെ അത്യുഗ്രഹമായ വിഷം ഉണ്ടായി. ഈ ഉഗ്ര വിഷത്തിന്റെ പ്രഭ കാരണം ദേവന്മാരും അസുരന്മാരും ഓടിയൊളിച്ചു. തുടർന്ന് സർവരും ജീവ രക്ഷക്കായി കൈലാസത്തിലെത്തി ശിവനെ സ്തുതിച്ച്, അഭയം പ്രാപിച്ചു. അങ്ങനെ മൂന്നു ലോകങ്ങള്‍ക്കുവേണ്ടി ശിവന്‍ ഈ മാരക വിഷത്തെ ഒരു ഞാവല്‍പ്പഴത്തിന്റെ ആകൃതിയിലാക്കി വിഴുങ്ങി. ഉടന്‍തന്നെ പാര്‍വ്വതി ശിവന്റെ കണ്ഠത്തെ അമര്‍ത്തിപ്പിടിച്ചു. അങ്ങനെ വിഷം ഉള്ളിലേക്ക് ഇറങ്ങാതെ കഴുത്തില്‍ തന്നെ ഉറച്ചു. അവിടെ നീല ശോഭയോടെ തിളങ്ങി. അങ്ങനെ ശിവന്‍ ത്യാഗത്തിന്റേയും ദേവനായി. തുടർന്ന് ശിവന് ഒരു മോഹാലസ്യമുണ്ടായി. ഇത് കണ്ട പാര്‍വതി ശിവന്റെ ശിരസ്സ് പിടിച്ച് മടിയില്‍ക്കിടത്തി. അങ്ങനെ ഭഗവാന്‍ ആദ്യമായി പള്ളികൊണ്ടുവെന്നും അതിന് ശേഷം പളളികൊണ്ടേശ്വരനായി എന്നുമാണ് ഐതിഹ്യം.
വാത്മീകി മഹര്‍ഷിയുടെ പൂജയാല്‍ സന്തുഷ്ടനായ മഹേശ്വരന്‍ സ്വയംഭൂലിംഗമായി പ്രത്യക്ഷനായി എന്ന വിശ്വാസവും ഉണ്ട്. ഇതിന്റെ ഭാഗമായി ക്ഷേത്രത്തില്‍ തന്നെ മറ്റൊരു ശ്രീകോവിലില്‍ ഈ സ്വയം ഭൂലിംഗം പ്രത്യേകമായി പ്രതിഷ്ഠിച്ചിരിക്കുന്നു. വാല്മീകീശ്വരന്‍ എന്ന പേരില്‍ ഈ ശിവലിംഗം അറിയപ്പെടുന്നു. രാവണ വധത്തിന് ശേഷം ശ്രീരാമന്‍ സീതാ, ലക്ഷ്മണ, ഭരതശത്രുഘ്ന, ഹനുമാന്‍ എന്നിവരോടൊത്ത് സ്വന്തം കൈകളാല്‍ പ്രതിഷ്ഠിച്ച ഒരു ശിവലിംഗവും ഇവിടെയുണ്ട്. ഇത് രാമലിംഗേശ്വരന്‍ എന്നറിയപ്പെടുന്നു.
ഉപദേവത പ്രതിഷ്ഠ
വളര്‍ന്നുകൊണ്ടിരിക്കുന്ന സാളഗ്രാമ ഗണപതി വിഗ്രഹം പ്രത്യേകം കോവിലില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. മുരുകന്‍, ശ്രീരാമന്‍, സീത, ഹനുമാന്‍, കാലഭൈരവന്‍ തുടങ്ങിയ ദേവന്മാരുടെ സന്നിധികളും ഈ ക്ഷേത്രത്തിലുണ്ട്. ലവകുശലന്മാരുടെ പാദമുദ്ര പതിഞ്ഞ ഒരു പീഠവും ഇവിടെ കാണപ്പെടുന്നു.
സകലരോഗ ശാന്തി നൽകും മഹാദേവൻ
ആദ്യമായി പ്രദോഷ പൂജ നടന്നത് ഇവിടെയാണന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ പ്രദോഷക്ഷേത്രമെന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. പള്ളിക്കൊണ്ടേശ്വര ക്ഷേത്ര ദര്‍ശനത്താല്‍ സകല രോഗ ദുരിതാദികളും നീങ്ങും. വിഷഭയം അസ്മതിക്കും. ശിവജ്ഞാനം ലഭിക്കും, മോക്ഷം കൈവരും. നിരവധി ഭക്തരാണ് ദിവസവും ഇവിടെ എത്തുന്നത്.