m-v-govindan

മലപ്പുറം: കെ റെയിലിനെതിരായ വിമർശനങ്ങളെ സർക്കാർ ഗൗരവമായി കാണുമെന്നും (വിശദ പദ്ധതി രേഖ) ഡിപിആറിൽ ആവശ്യമെങ്കിൽ മാറ്റം വരുത്തുമെന്നും മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. വിമര്‍ശനങ്ങളെ സര്‍ക്കാര്‍ ഗൗരവപൂര്‍വമാണ് പരിഗണിക്കുന്നതെന്നും എന്തൊക്കെ മാറ്റങ്ങള്‍ വരുത്തണോ അതെല്ലാം വരുത്തിക്കൊണ്ട് മുന്നോട്ട് പോകുമെന്നും പദ്ധതി സംബന്ധിച്ച വിശദീകരണ യോഗത്തില്‍ അദ്ദേഹം വ്യക്തമാക്കി.

'പ്രകൃതിക്ക് യാതൊരു കോട്ടവും തട്ടാതെ, ഗ്രീന്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് പാരിസ്ഥിതിക സൗഹൃദത്തെ അടിസ്ഥാനപ്പെടുത്തി, ജനങ്ങള്‍ക്ക് നേട്ടം ഉണ്ടാക്കിക്കൊടുക്കാന്‍, വമ്പിച്ച രീതിയില്‍ മുന്നോട്ട് കുതിക്കാനുള്ള പ്രാപ്തി നേടാന്‍ ഈ പരിപാടി നമുക്ക് അത്യാവശ്യമുള്ള ഒന്നാണ്. എന്നാല്‍ വിമര്‍ശനങ്ങളെ ഒരു രീതിയിലും സര്‍ക്കാര്‍ തടയില്ല. വിമര്‍ശനങ്ങളെ ഗൗരവപൂര്‍വമാണ് പരിഗണിക്കുന്നത്' അദ്ദേഹം പറഞ്ഞു.

വിമര്‍ശനം ഉള്‍ക്കൊള്ളുന്നതിന്റെ ഭാഗമായി, ഡി.പി.ആറില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അതേപടി തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. കെ റെയില്‍ തന്നെ അത് വ്യക്തമാക്കിയിട്ടുണ്ട്. എന്തൊക്കെ മാറ്റങ്ങള്‍ വരുത്തണോ അതെല്ലാം വരുത്തിക്കൊണ്ട്, ജനസൗഹൃദമായ, പരിസ്ഥിതി സൗഹൃദമായ രീതിയില്‍ മാത്രമേ കെ റെയില്‍ കൈകാര്യം ചെയ്യുകയുള്ളൂ. ഡി.പി.ആറിനെ മുറുകെപ്പിടിച്ച് മുന്നോട്ട് പോകാനല്ല ഉദ്ദേശിക്കുന്നത്. ആവശ്യമുള്ള മാറ്റങ്ങള്‍ക്ക് വിധേയപ്പെടുത്തിക്കൊണ്ട് മുന്നോട്ട് പോകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഡി പി ആര്‍ കഴിഞ്ഞദിവസം സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു. നിയമസഭയില്‍ ആവശ്യപ്പെട്ടിട്ടും റിപ്പോര്‍ട്ട് നല്‍കാത്തതിനെതിരേ കോണ്‍ഗ്രസ് എം എല്‍ എ അന്‍വര്‍ സാദത്ത് അവകാശലംഘന നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് ഡി പി ആര്‍ പ്രസിദ്ധീകരിച്ചത്.