
തിരുവനന്തപുരം : സി പി എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് നടത്തിയ മെഗാ തിരുവാതിരയിൽ ക്ഷമ ചോദിച്ച് പാർട്ടി ജില്ലാ നേതൃത്വം. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിനോട് അനുബന്ധിച്ച് നടന്ന സമാപന ചടങ്ങിലാണ് സ്വാഗതസംഘം കൺവീനർ അജയകുമാർ ക്ഷമാപണം നടത്തിയത്. ഇടുക്കിയിൽ കുത്തേറ്റ് മരിച്ച എസ് എഫ് ഐ നേതാവിന്റെ ചിത അണയും മുമ്പ് മെഗാ തിരുവാതിര നടത്തിയതിനെ പാർട്ടി നേതാക്കളടക്കം വിമർശിച്ചിരുന്നു. ഇതിന് പുറമേ കൊവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരം ജില്ലയിൽ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതും അനുചിതമായി.
തിരുവനന്തപുരത്തിന് പുറമേ തൃശൂരിലും ജില്ല സമ്മേളനത്തിനോട് അനുബന്ധിച്ച് തിരുവാതിരയുണ്ടായിരുന്നു. തിരുവനന്തപുരത്ത് പരിപാടി വിവാദമായതിന് പിന്നാലെയാണ് തൃശൂരിൽ തിരുവാതിര സംഘടിപ്പിച്ചത്. എന്നാൽ അവിടെ മാപ്പ് പറയാൻ നേതൃത്വം തയ്യാറായില്ല, പകരം പരിപാടിയെ ന്യായീകരിക്കുകയും ചെയ്തു. തിരുവാതിര നിരോധിച്ച കലാരൂപമല്ലെന്നാണ് എം എം വർഗ്ഗീസ് പ്രതികരിച്ചത്. 80 പേർ മാത്രമാണ് പങ്കെടുത്തത്, അതിനാൽ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചിട്ടില്ലെന്നും സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി ന്യായീകരിച്ചു.
തലസ്ഥാനത്ത് കൊവിഡ് നിയന്ത്രണം ലംഘിച്ച് തിരുവാതിര സംഘടിപ്പിച്ചതിന് 450ലേറെ പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയും ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും അടക്കമുള്ള നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു.