
ന്യൂഡൽഹി: പ്രമുഖ അമേരിക്കൻ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്ലയെ ഇന്ത്യയിൽ ഫാക്ടറിയോ ഷോറൂമോ സ്ഥാപിക്കാൻ ക്ഷണിച്ച് മഹാരാഷ്ട്രയും ബംഗാളും പഞ്ചാബും. ടെസ്ല കാറുകൾ ഇന്ത്യയിലും ലഭ്യമാക്കണമെന്ന ഒരു ആരാധകന്റെ ട്വീറ്റിന് മറുപടിയായി ഇന്ത്യയിലെത്താൻ തടസമായി കേന്ദ്രസർക്കാരുമായി ഒട്ടേറെ പ്രശ്നങ്ങളുണ്ടെന്ന് ടെസ്ല സി.ഇ.ഒ എലോൺ മസ്ക് വ്യക്തമാക്കിയിരുന്നു.
ആഗോളതലത്തിൽ തന്നെ ഏറെ ചർച്ചയായ മസ്കിന്റെ ഈ ട്വീറ്റ് ഫോർവേഡ് ചെയ്ത് തെലങ്കാന മന്ത്രി കെ.ടി. രാമറാവുവാണ് ടെസ്ലയെ ആദ്യം ക്ഷണിച്ചത്. തുടർന്ന് ഇന്നലെ മഹാരാഷ്ട്ര മന്ത്രി ജയന്ത് പാട്ടീലും എലോൺ മസ്കിനെ ക്ഷണിച്ച് ട്വീറ്റിട്ടു; പിന്നാലെ ബംഗാൾ മന്ത്രി ഗുലാം റബ്ബാനിയും പഞ്ചാബിൽ ഭരണത്തിലുള്ള കോൺഗ്രസിന്റെ സംസ്ഥാന അദ്ധ്യക്ഷൻ നവ്ജോത് സിംഗ് സിദ്ദുവും മസ്കിനെ ക്ഷണിച്ചു.
ഇന്ത്യയിൽ അതിവേഗം വളരുന്ന സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്രയെന്നും നിർമ്മാണശാല സ്ഥാപിക്കാൻ എല്ലാ പിന്തുണയും നൽകുമെന്നും ജയന്ത് പാട്ടീൽ ട്വീറ്റ് ചെയ്തു. മികച്ച അടിസ്ഥാനസൗകര്യമാണ് ബംഗാളിന്റെ മികവെന്ന് ചൂണ്ടിക്കാട്ടിയ ഗുലാം റബ്ബാനി, മമ്ത ബാനർജിയെന്ന ദീർഘവീക്ഷണമുള്ള നേതാവും ബംഗാളിനുണ്ടെന്ന് പറഞ്ഞു.
പഞ്ചാബിലെ ലുധിയാന ഇലക്ട്രിക് വാഹനങ്ങളുടെയും ബാറ്ററിയുടെയും വ്യവസായ ഹബ്ബായി വളരുകയാണെന്ന് വ്യക്തമാക്കിയ സിദ്ദു, നിക്ഷേപാനുമതികൾ ഏകജാലകത്തിലൂടെ അതിവേഗം ലഭ്യമാക്കാമെന്നും വ്യക്തമാക്കി. ഇന്ത്യയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള ട്വീറ്റുകൾക്ക് ടെസ്ലയോ മസ്കോ മറുപടി നൽകിയിട്ടില്ല. സംസ്ഥാനങ്ങളുടെ ക്ഷണങ്ങളോട് കേന്ദ്രവും പ്രതികരിച്ചിട്ടില്ല.
ടെസ്ലയുടെ പ്രശ്നം നികുതി
40,000 ഡോളറിനുമേൽ വിലയുള്ള കാറുകൾക്ക് ഇന്ത്യ 100 ശതമാനം ഇറക്കുമതിച്ചുങ്കം ഈടാക്കുന്നുണ്ട്. വില 40,000 ഡോളറിന് താഴെയെങ്കിൽ 60 ശതമാനം. ഇറക്കുമതിച്ചുങ്കം താത്കാലികമായെങ്കിലും 40 ശതമാനമാക്കണമെന്നാണ് ടെസ്ലയുടെ ആവശ്യം. ഇക്കാര്യം കേന്ദ്രം പരിഗണിച്ചിട്ടില്ല. ടെസ്ല ആദ്യം ഇന്ത്യയിൽ ഫാക്ടറി സ്ഥാപിക്കൂ എന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
ടെസ്ലയും കിറ്റെക്സും
കേരളത്തിൽ നടപ്പാക്കാനിരുന്ന നിക്ഷേപപദ്ധതി പിൻവലിച്ച കിറ്റെക്സിന് തെലങ്കാനയടക്കം നിരവധി സംസ്ഥാനങ്ങളിൽ നിന്നും ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിലും നിന്നും നിക്ഷേപത്തിന് ക്ഷണം ലഭിച്ചിരുന്നു. ഇന്ത്യയിൽ വില്പനയാരംഭിക്കാൻ നികുതി കുറയ്ക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട ടെസ്ലയ്ക്കും ഇപ്പോൾ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ക്ഷണങ്ങൾ തകൃതിയാണ്. കൂടുതൽ സംസ്ഥാനങ്ങൾ വൈകാതെ ക്ഷണവുമായി മുന്നോട്ടെത്തിയേക്കും.