
വെള്ളരിക്കാപ്പട്ടണം എന്ന പേരിൽ രണ്ടു സിനിമകളാണ് ഒരുങ്ങുന്നത്. നവാഗതനായ മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന വെള്ളരിക്കാപ്പട്ടണത്തിൽ മഞ്ജു വാര്യരും സൗബിൻ ഷാഹിറുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആക്ഷേപ രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂർത്തിയാകുകയും ചെയ്തു. നവാഗതനായ മനീഷ് കുറുപ്പ് സംവിധാനം ചെയ്ത വെള്ളരിക്കാപ്പട്ടണം എന്ന ചിത്രത്തിലൂടെ മുൻമന്ത്രിമാരായ കെ.കെ. ശൈലജയും വി.എസ്. സുനിൽകുമാറും അഭിനേതാക്കളാകുന്നു. മംഗലശേരി മൂവീസിന്റെ ബാനറിൽ മോഹൻ കെ. കുറുപ്പ് നിർമ്മിച്ച ചിത്രം പൂർണമായും കുടുംബപശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. ടോണി സിജിമോൻ, ജാൻവി ബൈജു, ഗൗരി ഗോപിക, ബിജു സോപാനം, ജയൻ ചേർത്തല, എം.ആർ. ഗോപകുമാർ, കൊച്ചുപ്രേമൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ചിത്രത്തിലെ രണ്ട് പാട്ടുകൾ കെ. ജയകുമാറും മൂന്ന് പാട്ടുകൾ സംവിധായകൻ മനീഷ് കുറുപ്പുമാണ് രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം: ധനപാൽ, സംഗീതം: ശ്രീജിത്ത് ഇടവന.പി.ആർ.ഒ: പി.ആർ. സുമേരൻ.