
കോട്ടയം: ഭാഗ്യം വരുന്ന വഴി ആർക്കും പറയാൻ പറ്റില്ല. സദാനന്ദന്റെ കാര്യത്തിൽ അത് സത്യമായി. രാവിലെ വാങ്ങിയ ലോട്ടറി ടിക്കറ്റിന് മണിക്കൂറുകൾക്കുള്ളിൽ അടിച്ചത് 12 കോടി. രാവിലെ ഇറച്ചിവാങ്ങാന്‍ പോയപ്പോഴാണ് സദാനന്ദന്‍ ലോട്ടറി ടിക്കറ്റ് എടുത്തത്. ഉച്ചയ്ക്ക് 12 മണിക്ക് നറുക്കെടുത്തപ്പോൾ ആ ടിക്കറ്റിനായിരുന്നു 12 കോടി അടിച്ചത് ! സദാനന്ദന്റെ സമയം തെളിഞ്ഞത് മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു.
ക്രിസ്മസ്-പുതുവത്സര ബമ്പര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം കോട്ടയം കുടയംപടി ഒളിപ്പറമ്പില്‍ സദാനന്ദനാണ് ലഭിച്ചത്. XG 218582 എന്ന ടിക്കറ്റിനായിരുന്നു സമ്മാനം .കുടയംപടിയിലെ ചെറിയ വീട്ടിലാണ് സദനും കുടുംബവും താമസിക്കുന്നത്. 50 വര്‍ഷത്തിലേറെയായി പെയിന്റിംഗ് ജോലി ചെയ്താണ് സദൻ ജീവിക്കുന്നത്. ഒന്നരരൂപ കൂലിയ്ക്ക് പണിക്ക് പോയി തുടങ്ങിയതാണെന്നും അദ്ദേഹം പറയുന്നു. ഒരുപാട് കടമുണ്ട്. മക്കള്‍ക്ക് വേണ്ടി എല്ലാം ചെയ്യണമെന്നും നിറകണ്ണുകളോടെ സദന്‍ പറയുന്നു. കോട്ടയം നഗരത്തിലെ ബെന്‍സ് ലോട്ടറീസ് എജന്‍സിയാണ് ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വിറ്റത്. കോട്ടയത്തെ ലോട്ടറി ഏജന്റ് ബിജി വര്‍ഗീസ് വിറ്റ ടിക്കറ്റാണിത്.
രണ്ടാം സമ്മാനം ആറ് പേർക്ക് 50 ലക്ഷം വീതം നൽകും (മൊത്തം മൂന്ന് കോടി രൂപ). മൂന്നാം സമ്മാനമായി 10 ലക്ഷം വീതം ആറ് പേർക്കും നാലാം സമ്മാനം അഞ്ച് ലക്ഷം വീതം ആറ് പേർക്കും നൽകും. ഇതുകൂടാതെ 5000, 3000, 2000, 1000 എന്നിങ്ങനെ നിരവധി സമ്മാനങ്ങൾ വേറെയുമുണ്ട്.XA, XB, XC, XD, XE, XG എന്നീ അഞ്ചു സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിട്ടുളളത്. നാല്പത്തേഴ് ലക്ഷത്തി നാല്പതിനായിരം ടിക്കറ്റുകളാണ് ഭാഗ്യക്കുറി വകുപ്പ് അച്ചടിച്ചത്. ഇതിൽ ഭൂരിഭാഗം ടിക്കറ്റുകളും വിറ്റഴിഞ്ഞതായി ലോട്ടറി വകുപ്പ് അറിയിച്ചു.