
പുന്നയൂർക്കുളം: ലഹരിയിൽ ബൈക്കിൽ യാത്ര ചെയ്തവർ മുന്നിൽ പോയ ബൈക്ക് യാത്രികരെ തടഞ്ഞു നിറുത്തി ആക്രമിച്ചു. പരിക്കേറ്റ യുവാക്കളെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പള്ളിയിൽ പ്രാർത്ഥന നടത്തി തിരിച്ചുവരുന്നവരെയും റോഡരികിൽ നിന്നിരുന്ന പെൺകുട്ടികളെയും അസഭ്യം പറയുകയും ചെയ്തു. നാട്ടുകാർ ഓടികൂടിയതോടെ അക്രമികൾ രക്ഷപെട്ടു. അണ്ടത്തോട് സെന്ററിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.45 ഓടെയാണ് സംഭവം. അണ്ടത്തോട് വടക്കേപ്പുറത്ത് സിറാജ് (18), മുക്രിയകത്ത് ഇർഫാൻ(17) എന്നിവർക്കാണ് മർദ്ദനമേറ്റത്. അണ്ടത്തോട് ജുമാഅത്ത് പള്ളിയിൽ നിന്ന് നിസ്കാരം കഴിഞ്ഞ് സെന്ററിലെത്തിയവരെയാണ് ദേശീയപാത വടക്ക് ഭാഗത്ത് നിന്ന് ബൈക്കിലെത്തിയ ഷിഫാൻ, മൻസൂർ എന്നിവർ അസഭ്യം പറഞ്ഞത്. പിന്നീട് റോഡരികിലൂടെ പോയിരുന്ന പെൺകുട്ടികൾക്ക് നേരെയെത്തി അവരേയും ഉച്ചത്തിൽ അസഭ്യം പറഞ്ഞു പോകുന്നതിനിടെയാണ് മുന്നിൽ പോയിരുന്ന സിറാജിന്റേയും ഇർഫാന്റെയും ബൈക്കിന് പിന്നാലെ അതിവേഗം ഓടിച്ചെത്തി സംഘം തടഞ്ഞ് നിറുത്തിയത്. എന്തിനാണ് പുറംതിരിഞ്ഞ് തങ്ങളെ നോക്കിയതെന്ന് ചോദിച്ചായിരുന്നു മർദ്ദനം. അണ്ടത്തോട് ജുമാമസ്ജിദിന് മുന്നിൽ വച്ചായിരുന്നു സംഭവം. പള്ളിയിൽ പ്രാർത്ഥന കഴിഞ്ഞ് ഇരുന്നിരുന്നവർ ഓടിയെത്തിയാണ് യുവാക്കളെ രക്ഷിച്ചത്. സംഭവം പന്തിയല്ലെന്ന് കണ്ട് അക്രമി സംഘത്തിലെ മൻസൂർ ഓടിയും ഷിഫാൻ ബൈക്കിലും രക്ഷപ്പെടുകയായിരുന്നു. സംഭവമറിഞ്ഞ് വടക്കേക്കാട് പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മയക്കുമരുന്ന് കഴിച്ചെത്തിയവരാണ് അക്രമികളായ രണ്ട് യുവാക്കളെന്ന് നാട്ടുകാർ പറഞ്ഞു. ഷിഫാൻ ഒൻപത് മാസം മുൻപ് പാപ്പാളി സ്വദേശി മാലിക്കുളം മജീദിനെ വീട്ടിൽ നിന്ന് ഇറക്കി ആക്രമിച്ച കേസിലെ പ്രതിയാണ്. ഈ കേസിൽ ഷിഫാനെ പിടികൂടാൻ പൊലിസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.