ranga

മുംബയ്:കൈക്കൂലിക്കേസിൽ ഗെയിൽ മാർക്കറ്റിംഗ് ഡയറക്ടറും മലയാളിയുമായ ഇ.എസ് രംഗനാഥൻ അടക്കം ആറു പേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. രംഗനാഥന്റെ നോയിഡയിലെ വീട്ടിൽ നടത്തിയ റെയ്ഡിൽ 1.29 കോടി രൂപയും 1.3 കോടിയുടെ ആഭരണങ്ങളും പിടികൂടി.കേരളത്തിലെ ഗെയിൽ പൈപ്പ്ലൈൻ പദ്ധതിയിലടക്കം പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് രംഗനാഥൻ. നാലാം പ്രതി രാമകൃഷ്ണൻ നായരും മലയാളിയാണ്.

ഗെയിലിന്റെ പെട്രോ- കെമിക്കൽ ഉത്പന്നങ്ങൾ വില കുറച്ച് വിൽക്കാൻ ഇടനിലക്കാരായ ഡൽഹി സ്വദേശികളിൽ നിന്ന് രംഗനാഥൻ 40 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. ഇടനിലക്കാരായ പവൻ ഗോർ, രാജേഷ് കുമാർ എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. രംഗനാഥന്റെ നിർദ്ദേശ പ്രകാരം രാമകൃഷ്ണൻ നായരാണ് ഇടനിലക്കാരുടെ പക്കൽ നിന്ന് 40 ലക്ഷം രൂപ വാങ്ങിയതെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്.

രംഗനാഥന്റെ വസതിയിലും ഡൽഹിയിലെയും നോയിഡയിലെയും സ്ഥാപനങ്ങളടക്കം നാലിടങ്ങളിലും സി.ബി.ഐ നേരത്തേ നടത്തിയ പരിശോധനയിൽ 84 ലക്ഷം രൂപ കണ്ടെത്തിയിരുന്നു. കുറ്റകരമായ ഗൂഢാലോചന, അന്യായമായി നേട്ടമുണ്ടാക്കുക, കൈക്കൂലി വാങ്ങുക എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

ആകെ ഒമ്പത് പ്രതികളാണുള്ളത്.