ioc

ന്യൂഡൽഹി: സിറ്റി ഗ്യാസ് പദ്ധതിക്കായി രാജ്യത്തെ 15 അതിപ്രധാന മേഖലകളിലെ ഒമ്പതെണ്ണത്തിെ ലൈസൻസും പതിനൊന്നാം റൗണ്ടിൽ സ്വന്തമാക്കിയ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാനായി 7,​000 കോടി രൂപ നിക്ഷേപിക്കും. 65 മേഖലകളിലേക്കാണ് പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡ് (പി.എൻ.ജി.ആർ.ബി)​ ടെൻഡർ ക്ഷണിച്ചത്.

53 ബിഡ്ഡുകൾ (താത്പര്യങ്ങൾ)​ സമർപ്പിച്ച് ഇന്ത്യൻ ഓയിൽ ഏറ്റവും വലിയ ബിഡ്ഡറായി. അദാനി ഗ്രൂപ്പ്,​ തിംഗ് ഗ്യാസ്,​ എച്ച്.പി.സി.എൽ എന്നിവയും ബിഡ്ഡിംഗിൽ മുൻനിരയിലുണ്ട്. പതിനൊന്നാം റൗണ്ടിലെ മേഖലകളിൽ 33 ശതമാനത്തിലും സിറ്റി ഗ്യാസ് വിതരണത്തിനുള്ള ടെൻഡറാണ് ഐ.ഒ.സി സ്വന്തമാക്കിയത്. എല്ലാ റൗണ്ടുകളിലുമായി രാജ്യത്തെ 105 ജില്ലകളിലേക്കാണ് ഇതുവരെ ടെൻഡർ ക്ഷണിച്ചത്. രണ്ട് സംയുക്ത സംരംഭങ്ങളിലടക്കം 49 മേഖലകളിൽ ഇപ്പോൾ ഇന്ത്യൻ ഓയിലിന്റെ സാന്നിദ്ധ്യമുണ്ട്.

ഇതിൽ കൊച്ചിയും ഉൾപ്പെടുന്നു. മൊത്തം സിറ്റി ഗ്യാസ് മേഖലയുടെ 28 ശതമാനമാണിത്. 26 മേഖലകളിലാണ് ഇന്ത്യൻ ഓയിലിന് മാത്രം ലൈസൻസുള്ളത്. 68 ജില്ലകളിലായാണിത്. ജമ്മു,​ പഠാൻകോട്ട്,​ ജൽഗാവ്,​ ഗുണ്ടൂർ,​ സികാർ,​ തൂത്തുക്കുടി,​ തിരുനെൽവേലി,​ കന്യാകുമാരി,​ മധുര,​ ഹാൽദിയ,​ ധർമ്മപുരി എന്നീ സ്ഥലങ്ങളിൽ സിറ്റി ഗ്യാസ് വിതരണത്തിനുള്ള ലൈസൻസാണ് 11-ാം റൗണ്ടിൽ ഇന്ത്യൻ ഓയിൽ നേടിയത്.