kk

തിരുവനന്തപുരം : സ്വാമി സംഗീതമാലപിക്കും താപസ ഗായകനല്ലോ ഞാൻ.... എന്ന അയ്യപ്പഭക്തിഗാനത്തിലൂടെ മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ സംഗീതസംവിധായകനും ഗാനരചയിതാവുമായിരുന്നു ആലപ്പി രംഗനാഥ്. ഏറെ പ്രിയപ്പെട്ട അയ്യപ്പ ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ആലപ്പി രംഗനാഥ് ജീവിതത്തിൽ നിന്ന് മടങ്ങുന്നത് അയ്യപ്പ സന്നിധിയിൽ വച്ച് ഹരിവരാസനം പുരസ്കാരം ഏറ്റുവാങ്ങി ദിവസങ്ങൾക്കകമാണ് എന്നത് മറ്റൊരു യാദൃശ്ചികത. വെള്ളിയാഴ്ചയാണ് ഹരിവരാസന പുരസ്കാരം നൽകി ആലപ്പി രംഗനാഥിനെ ആദരിച്ചത്.

തന്റെ ആദ്യ സിനിമയായ ജീസസിലെ ‘ഓശാനാ ഓശാന കർത്താവിനോശാനാ’ എന്ന് തുടങ്ങുന്ന ഗാനവും യേശുദാസിന്റെ ഉടമസ്ഥതയിലുള്ള തരംഗിണി പുറത്തിറക്കിയ അയ്യപ്പഭക്തിഗാനങ്ങളിലെ ‘സ്വാമി സംഗീതം ആലപിക്കും താപസ ഗായകനല്ലോ ഞാൻ’ എന്ന ഗാനവുമാണ് ആലപ്പി രംഗനാഥിനെ പ്രശസ്തനാക്കിയവയിൽ പ്രധാനം. 1982ൽ പുറത്തിറങ്ങിയ ‘സ്വാമിസംഗീതം’ കാസെറ്റിലെ വൃശ്‌ചികപ്പൂമ്പുലരി, എന്മനം പൊന്നമ്പലം, സ്വാമി സംഗീതമാലപിക്കും, ശബരീ ഗിരിനാഥാ തുടങ്ങി കാസെറ്റിലെ 12 ഗാനങ്ങളും ഹിറ്റായി. ഈ ഗാനങ്ങളുടെ തമിഴ്, തെലുങ്ക്, കന്നട പതിപ്പുകളും പരക്കെ സ്വീകരിക്കപ്പെട്ടു. തരംഗിണിക്കുവേണ്ടി 25ലേറെ കസെറ്റുകൾ ചെയ്തു.

എല്ലാ ദുഖവും തീർത്തുതരൂ എന്റയ്യാ, ..., കന്നിമല, പൊന്നുമല.., മകര സംക്രമ ദീപം കാണാൻ.., തുടങ്ങിയവയാണ് മറ്റു പ്രശസ്ത ഗാനങ്ങൾ.

പൂച്ചയ്‌ക്ക് ഒരു മൂക്കുത്തി സിനിമയുടെ പശ്ചാത്തല സംഗീതവും പപ്പൻ പ്രിയപ്പെട്ട പപ്പനിലെ പാട്ടുകളും ചെയ്‌തു. ആരാന്റെ മുല്ല കൊച്ചുമുല്ലയുടെ സംഗീത സംവിധാനവും ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് 20 സിനിമകളിൽ ഗാനങ്ങൾക്ക് ഈണമിട്ടു. അമ്പാടി തന്നിലൊരുണ്ണി, ധനുർവേദം തുടങ്ങിയ സിനിമകൾ സം വിധാനം ചെയ്‌തു. അമ്പാടിതന്നിലൊരുണ്ണിയുടെ റീ റെക്കോർഡിംഗിന് കീ ബോർഡ് വായിച്ചത് എ.ആർ. റഹ്‌മാനാണ്. ത്യാഗരാജസ്വാമികളെപ്പറ്റി ദൂരദർശനുവേണ്ടി പരമ്പരയും സംവിധാനം ചെയ്‌തു. ഇടയ്ക്ക് ഏഴുവർഷം ന്യൂമുംബൈ വിദ്യാപീഠത്തിൽ സംഗീത–നൃത്ത–മൃദംഗം അദ്ധ്യാപകനുമായി. സംഗീത ചക്രവർത്തിമാരായ ഇളയരാജയെയും എം.എസ്. വിശ്വനാഥനെയും കൊണ്ടു സ്വയമെഴുതി ചിട്ടപ്പെടുത്തിയ ഗാനങ്ങൾ പാടിക്കാൻ കഴിഞ്ഞ രംഗനാഥിനെ തേടി സംഗീതനാടക അക്കാദമിയുടേത് ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങളെത്തി. . മഹാത്മാഗാന്ധി, ശ്രീനാരായണ ഗുരു, ശങ്കരാചാര്യർ, സ്വാമി വിവേകാനന്ദൻ തുടങ്ങിയവരെക്കുറിച്ചു കർണാടക സംഗീത കൃതികൾ രചിക്കുന്നതിനുള്ള ഗവേഷണത്തിലായിരുന്നു.

ബൈബിളിലെ ഇതിവൃത്തങ്ങൾ അടിസ്ഥാനപ്പെടുത്തി അടുത്തയിടെ 10 കീർത്തനങ്ങൾ രചിച്ചു. അതും കർണാടക സംഗീതത്തിൽ. കൂടാതെ ബിലഹരി രാഗത്തിലും ആദി താളത്തിലും അധിഷ്ഠിതമാക്കി ‘കരുണാ സാഗര’ എന്ന വർണവും ഒരുക്കി. . അമൃതവർഷിണി രാഗത്തിൽ ജഗന്നായക സ്മരണം എന്നതാണ് ബൈബിളിനെ ആസ്പദമാക്കിയുള്ള ആദ്യ കീർത്തനം. സദാപി തിരുശരണം (രാഗം–ഖരഹര പ്രിയ), തൃപ്പാദാംബുജം (ശങ്കരാഭരണം), ശ്രീയേശുപാദുമാം (തോടി), കാൽവരീശ്വരം (സരസ്വതി രാഗം), ഭജേ യേശുദേവം (കാപ്പി), പാലയമാം (പന്തുവരാളി), ഭജ ഭജ തി (ഹംസാനന്ദി), ശ്രീയേശുനാഥം (മായാ മാധവ ഗൗള) എന്നിവയാണ് മറ്റു കീർത്തനങ്ങൾ. ഇതുകൂടാതെ അമൃതവർഷിണി രാഗത്തിൽ ലോകാധിനാഥം എന്ന ധ്യാന ശ്ലോകവും രചിച്ചു. ഇതിനു മുൻപ് ശ്രീയേശു സുപ്രഭാതവും എഴുതി ഈണമിട്ടു. പരിശുദ്ധ പരുമല തിരുമേനിയുടെ ജീവിതവും ദർശനവും ആസ്പദമാക്കി പരുമല സ്മൃതി കീർത്തനാഷ്ടകം രചിച്ചു.