vaccine-

സൗജന്യമായി ലഭിക്കുന്ന കൊവിഡ് വാക്സിൻ സ്വീകരിക്കാൻ ആളുകൾ വിമുക്തത കാണിക്കുന്ന സംഭവങ്ങൾ ഇന്ത്യയിൽ ഉൾപ്പെടെ പല രാജ്യങ്ങളിലും ഉണ്ട്. എന്നാൽ മാരകമായ വൈറസിൽ നിന്ന് രക്ഷനേടാൻ കഴിയുമെന്ന പ്രതീക്ഷയിൽ വാക്സിൽ എടുക്കാനായി നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന ആളുകളും ലോകത്ത് ഉണ്ട്. ഇപ്പോൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായികൊണ്ടിരിക്കുന്നത് അത്തരത്തിലുള്ള ഒരു ചിത്രമാണ്. വാക്സിൻ എടുക്കുന്നതിനായി വൃദ്ധനായ പിതാവിനെ ചുമന്നുകൊണ്ട് ആറുമണിക്കൂറോളം നടക്കുന്ന ഒരു ചെറുപ്പകാരന്റെ ചിത്രമാണത്.

ബ്രസീലിലെ ആമസോൺ വന മേഖലയിൽ ജീവിക്കുന്ന ടാവി എന്ന 24കാരനാണ് 67കാരനായ വാഹു എന്ന പിതാവിനെ ചുമന്ന് കൊണ്ട് വാക്സിൻ സെന്ററിലേക്ക് പോയത്. എറിക് ജെന്നിംഗ്‌സ് സിമോസ് എന്ന ഡോക്ടറാണ് ഈ ചിത്രം സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവച്ചത്. വാഹു അന്ധനാണെന്നും മൂത്രാശയ പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള വ്യക്തിയാണെന്നും എറിക് ജെന്നിംഗ്സ് വ്യക്തമാക്കി. 'സോ ഈ ' എന്ന തദ്ദേശ സമൂഹത്തിൽ നിന്നുള്ളവരാണ് ഈ അച്ഛനും മകനും. ഏകദേശം 325 പേരാണ് ഈ പ്രദേശത്ത് ജീവിക്കുന്നത്.

നിരവധി പേരാണ് ഇതിനോടകം ചിത്രം സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവച്ചത്. വാക്സിൻ സ്വീകരിക്കാൻ ഇരുവരും കാണിച്ച ഉത്തരവാദിത്തവും അച്ഛനും മകനും തമ്മിലുള്ള സ്നേഹവുമാണ് ഈ ചിത്രം പ്രചരിച്ചതോടെ ചർച്ചയാവുന്നത്. രോഗ വ്യാപനം ശക്തമായ രാജ്യങ്ങളിലൊന്നായ ബ്രസീലിൽ കൊവിഡ് വാക്സിനേഷൻ കാമ്പെയ്‌നിന്റെ തുടക്കത്തിൽ എടുത്തതാണ് ചിത്രം.