highcourt

കൊച്ചി: ഫ്ലാറ്റിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിക്ക് പിന്നിൽ ബ്ലാക്ക് മെയിലിംഗാണെന്ന് കാണിച്ച് തിരുവനന്തപുരം വിമാനത്താവളത്തിലെ ചീഫ് എയർപോർട്ട് ഓഫീസർ മധുസൂദന റാവു ഹൈക്കോടതിയിൽ മുൻകൂർ ജാമ്യം തേടി. യുവതി സ്വന്തം ഇഷ്‌ടപ്രകാരമാണ് ഫ്ലാറ്റിലേക്ക് വന്നതെന്നും ഉഭയകക്ഷി സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്നുമാണ് അദ്ദേഹത്തിന്റെ വാദം.

വാട്‌സ് ആപ്പ് ചാറ്റ് അടക്കമുള്ള തെളിവുകളും അദ്ദേഹം ഹൈക്കോടതിക്ക് കൈമാറി. പീഡനം നടന്നെന്നു പറയപ്പെടുന്ന ജനുവരി നാലിന് ശേഷം ദിവസങ്ങളോളം തങ്ങൾക്കിടയിൽ സൗഹൃദമുണ്ടായിരുന്നുവെന്നും ബ്ലാക്ക് മെയിലിംഗിന് വഴങ്ങാത്തതുകൊണ്ടാണ് യുവതി പൊലീസിൽ പരാതി നൽകിയിരിക്കുന്നതെന്നുമാണ് റാവു ഹർജിയിൽ പറഞ്ഞിരിക്കുന്നത്.
അദാനി ഗ്രൂപ്പ് വിമാനത്താവളം ഏറ്റെടുത്ത ശേഷം ചില ഏജൻസികൾ വഴി കരാർ ജീവനക്കാരെ എടുത്തിരുന്നു. മധുസൂദനഗിരിയുടെ പിഎ ആയി നിയോഗിച്ചതും അതിലൊരാളെയാണ്. ഇവരാണ് പരാതി നൽകിയിരിക്കുന്നത്. പൊലീസിനൊപ്പം അദാനി ഗ്രൂപ്പിനും ഇവർ പരാതി നൽകിയിരുന്നു. തുമ്പ പൊലീസാണ് കേസെടുത്ത് അന്വേഷിക്കുന്നത്. പരാതി വന്നതോടെ മദുസൂദന റാവുവിനെ ചുമതലകളിൽ നിന്നും സസ്‌പെൻഡ് ചെയ്‌തിരിക്കുകയാണ്‌.