liver

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് കരൾ. വയറിന്റെ വലതുഭാഗത്തായി മുകളിലായാണ് കരൾ സ്ഥിതിചെയ്യുന്നത്. ഭക്ഷണം ദഹിപ്പിക്കാനും ഊർജം സംഭരിക്കാനും ശരീരത്തിലുണ്ടാകുന്ന വിഷാംശങ്ങൾ നീക്കം ചെയ്യാനും ഈ അവയവം സഹായിക്കുന്നു. എന്നാൽ ജീവിതശൈലി കൊണ്ടും മദ്യപാനം കൊണ്ടും നിരവധി അസുഖങ്ങളാണ് കരളിനെ ബാധിക്കുന്നത്. ഈ സാഹചര്യത്തിൽ കരളിനെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്.

ഫാറ്റി ലിവർ - ആൽക്കഹോളിക്, നോൺ-ആൽക്കഹോളിക് , ലിവർ സിറോസിസ് തുടങ്ങിയ അസുഖങ്ങളാണ് കരളിനെ പ്രധാനമായും ബാധിക്കുന്നത്. ശരിയായ ഭക്ഷണക്രമം കൊണ്ട് ഒരു പരിധിവരെ ഈ അസുഖങ്ങളെ തടയാൻ കഴിയും.

മദ്യപാനം മൂലം കരളിൽ അമിതമായ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനെയാണ് ആൽക്കഹോൾ ഫാറ്റി ലിവർ എന്ന് പറയുന്നത്. എന്നാൽ അമിതമായ അളവിൽ പഞ്ചസാര, മധുരമുള്ള പാനീയങ്ങൾ, കൊഴുപ്പുകൾ എന്നിവയുടെ ഉപഭോഗം കാരണം ഇത് സംഭവിക്കുമ്പോൾ നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് എന്ന് പറയുന്നു. തുടക്കത്തിൽ ഈ അസുഖങ്ങളെ നിസാരമായി കാണുന്നത് ഭാവിയിൽ മരണം വരെ സംഭവിക്കാൻ ഇടയാക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

നിങ്ങളുടെ കരളിനെ സംരക്ഷിക്കാനും ആരോഗ്യകരമായ ജീവിതം നയിക്കാനും ചില ലളിതമായ ഭക്ഷണക്രമത്തിലൂടെ കഴിയും. ഇതാ നിങ്ങളുടെ കരളിനെ സംരക്ഷിക്കാൻ സഹായിക്കുന്ന ചില ടിപ്പുകൾ.

1. കാർബോഹൈഡ്രേറ്റ് കുറയ്ക്കുക

carbohydrates

ആരോഗ്യകരമായ ഭക്ഷണമാണ് കഴിക്കുന്നതെങ്കിലും അതിന്റെ അളവ് വളരെ പ്രധാനമാണ്. പ്രത്യേകിച്ച് അമിതമായ ശരീരഭാരം ഉണ്ടെങ്കിൽ നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ വരാൻ സാദ്ധ്യതയുണ്ട്. അതിനാൻ കഴിക്കുന്ന ഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റിന്റെ അളവ് കുറയ്ക്കുന്നത് ശരീരഭാരം കുറയ്ക്കാനും അതുപോലെ നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ വരുന്നതിൽ നിന്നും തടയാനും സഹായിക്കും. പ്രത്യേകിച്ച് രാത്രി സമയങ്ങളിൽ കാർബോഹൈഡ്രേറ്റടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുന്നതും നല്ലതാണ്.

2.വ്യായാമം

workouts

ആഴ്ചയിൽ അഞ്ച് ദിവസം 20മുതൽ 40മിനിറ്റ് വരെ മിതമായ തീവ്രതയുള്ള വ്യായാമങ്ങൾ ചെയ്യുന്നത് കരളിലെ അമിത കൊഴുപ്പടിയുന്നത് തടയാനും ശരീരഭാരം നിയന്ത്രിക്കുന്നതിനും സഹായിക്കും. വ്യായാമത്തിലൂടെ നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ വരുന്നത് തടയാൻ കഴിയും.

3. ഭക്ഷണത്തിൽ പഞ്ചസാരയുടെ അളവ് കുറയ്ക്കുക

sweets

ആരോഗ്യകരമല്ലാത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക. പഞ്ചസാരയും അമിതമായ കൊഴുപ്പുമടങ്ങുന്ന ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കുന്നത് ശരീരത്തിന് ഗുണം ചെയ്യും. എന്നാൽ ശരീരത്തിന് ആവശ്യമായ കൊഴുപ്പടങ്ങുന്ന ഭക്ഷണങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. വാൽനട്ട്സ്, ചിയ വിത്തുകൾ, കൊഴുപ്പുള്ള മത്സ്യം, ഫ്ളാക്സ് സീഡ് ഓയിൽ, കനോല എണ്ണ, ഫ്ളാക്സ് സീഡുകൾ എന്നിവ ശരീരത്തിന് ആവശ്യമായ കൊഴുപ്പടങ്ങുന്ന ഭക്ഷണങ്ങളാണ്.