anil

മുംബയ് : ഒരിക്കൽ രാജ്യത്തെ ധനികരിൽ ആറാം സ്ഥാനത്തായിരുന്നു അനിൽ അംബാനി. അപ്പോൾ ജ്യേഷ്ഠൻ മുകേഷ് അംബാനി ഈ പട്ടികയിലൊന്നും ഇല്ലായിരുന്നു. എന്നാൽ വർഷങ്ങൾ കഴിഞ്ഞപ്പോൾ ചിത്രം ആകെ മാറിമറിഞ്ഞു. ഇപ്പോൾ അനുജൻ മുകേഷ് അംബാനി കടംകൊണ്ട് നിൽക്കക്കള്ളിയില്ലാത്ത അവസ്ഥയിലേക്ക് കൂപ്പുകുത്തി. ജ്യേഷ്ഠൻ മുകേഷ് അംബാനിയാകട്ടെ കോടികൾ വാരിക്കൂട്ടി ലോകസമ്പന്നരുടെ പട്ടികയിൽ തന്റെ സ്ഥാനം മെച്ചപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. അനിൽ അംബാനിയുടെ തകർച്ചയും മുകേഷ് അംബാനിയുടെ വളർച്ചയും ഒരേ കാലഘട്ടത്തിലായിരുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിൽ അവിശ്വസനീയമായ നിലയിലായിരുന്നു അനിലിന്റെ തകർച്ച.

രാജ്യത്തെ സാമ്പത്തിക മേഖല ഒരുപരിധി വരെ നിയന്ത്രിച്ചിരുന്നത് അംബാനി കുടുംബമായിരുന്നു. രാഷ്ട്രീയത്തിലും നല്ല പിടിപാടുണ്ടായിരുന്നു. സാങ്കേതിക ലോകത്തും ഇന്ധന മേഖലയിലും എന്തിന് ടെലികോം മേഖല വരെ അംബാനി കുടുംബം നിറഞ്ഞു നിന്നു. പിതാവ്​ ധീരുഭായ്​ അംബാനിയുടെ മരണത്തിന്​ ശേഷം അനിലും മുകേഷും റിലയൻസ്​ സാമ്രാജ്യം വീതംവച്ചെടുത്തു. 2006 കാലത്ത് ​ മുകേഷിനേക്കാൾ 550കോടിയുടെ അധികസ്വത്ത് അനിലിനുണ്ടായിരുന്നു. ലക്ഷ്​മി മിത്തലിനും അസിം ​പ്രേംജിക്കും ശേഷമുള്ള ധനികനായിരുന്നു അനിൽ അംബാനി. എന്നാൽ, ഇപ്പോൾ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ധനികനായി മുകേഷ്​ അംബാനി മാറി. അനിൽ അംബാനിയുടെ പേര്​ പണക്കാരുടെ പട്ടികയിൽ ഇല്ലെന്നല്ല നിലനിൽപ്പിനുപോലും പെടാപ്പാടുപെടുകയാണ്.

സ്ഥാപനങ്ങളുടെ നടത്തിപ്പിൽ ദീർഘദർശനമില്ലാത്തതാണ് ഇത്തരമൊരു അവസ്ഥയിലേക്ക് അനിൽ അംബാനിയെ കൊണ്ടെത്തിച്ചതെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നത്. നേരത്തേ തന്നെ തകർച്ച ചെറുതായി തുടങ്ങിയിരുന്നുവെങ്കിലും മുകേഷ് അംബാനി ജിയോ എന്നൊരു കമ്പനി തുടങ്ങിയതോടെ അനിയൻ അനിൽ അംബാനിയുടെ ടെലികോം ബിസിനസ് പാടെ തകരുന്ന കാഴ്ചയാണ് കണ്ടത്. .

2017മുതലായിരുന്നു ഇത്. സ്ഥാപനം രക്ഷപ്പെടുത്താൻ കിട്ടാവുന്ന സ്ഥലത്തുനിന്നെല്ലാം അനിൽ പണം കടംവാങ്ങി.ഈ കടമാണ് അനിലിനെ പടുകുഴിയിലേക്ക് തള്ളിയതെന്ന് ശരിക്കും പറയാം. ചൈനീസ് ബാങ്കുകളിൽ നിന്നാണ് പ്രധാനമായും കടം വാങ്ങിയത്. 2012ൽ ആയിരുന്നു റിലയൻസ്​ കോം ചൈനീസ്​ ബാങ്കുകളിൽനിന്ന്​ വായ്​പകൾ എടുത്തത്​. ഇവയുടെ​ തിരിച്ചടവ്​ മുടങ്ങിയതോടെ ബാങ്കുകൾ കോടതിയെ സമീപിക്കുകയായിരുന്നു. 5000കോടി രൂപയിലധികമായിരുന്നു ചൈനീസ് ബാങ്കുകൾക്ക് അനിൽ നൽകാനുണ്ടായിരുന്നത്. ബാങ്കുകൾ കടം തിരിച്ചെടുക്കാൻ തുടങ്ങിയതോടെ നില തീർത്തും പരുങ്ങലിലായി.

ചൈനീസ്​ ബാങ്കുകളുടെ കേസ്​ പരിഗണിക്കുന്നതിനിടെ ഇപ്പോഴത്ത തന്റെ ആസ്തി വട്ടപൂജ്യമാണെന്നാണ് അനിൽ ബ്രിട്ടീഷ് കോടതിയെ അറിയിച്ചത്​.ഇതിനിട‌െ അനിലിന്റെ മറ്റുസ്ഥാപനങ്ങളും തകർച്ചയുടെ രുചി അറിഞ്ഞു.

എന്നാൽ പറയുന്നതുപോലെ പാപ്പരല്ല അനിൽ എന്നാണ് അടുത്തിടെ പുറത്തുവന്ന പാൻഡോറ പേപ്പർ വെളിപ്പെടുത്തലുകൾ വ്യക്തമാക്കുന്നത്. അനിൽ അംബാനി ഉൾപ്പെടെ 300 ഇന്ത്യക്കാർ നികുതി വെട്ടിച്ച്​ വിദേശത്ത് നടത്തിയ നിക്ഷേപങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളാണ് ഇതിലൂടെ വെളിച്ചത്തുവന്നത്. എന്നാൽ ഇതിന് തള്ളാനോ കൊള്ളാനോ അനിൽ ഇതുവരെ തയ്യാറായിട്ടില്ല.