ghygyg

കണ്ണൂർ: കുട്ടികളുടെ അശ്ളീല ദൃശ്യങ്ങൾക്കായി വെബ് സൈറ്റുകൾ സന്ദർശിക്കുന്നവരെ പിടികൂടുന്നതിനായി പൊലിസ് സംസ്ഥാന വ്യാപകമായി നടത്തുന്ന ഓപ്പറേഷൻ പി ഹണ്ട് റെയ്ഡിന്റെ ഭാഗമായി കണ്ണൂരിൽ നടത്തിയ പരിശോധയിൽ ഒരാൾ അറസ്റ്റിൽ. അത്തായക്കുന്ന് കമറുദ്ദീൻ ആണ് കണ്ണൂർ ടൗൺ പൊലീസിന്റെ പിടിയിലായത്.
കണ്ണൂർ സിറ്റി പൊലീസ് സ്റ്റേഷൻ പരിധികളിലെ 23 കേന്ദ്രങ്ങളിലാണ് ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി റെയ്ഡു നടത്തിയത്. ഞായറാഴ്ച്ച രാവിലെ മുതൽ നടത്തിയ റെയ്ഡിൽ സംസ്ഥാനമാകെ നിരവധി പേരാണ് പിടിയിലായത്.

സാമൂഹ്യ മാധ്യമങ്ങൾ വഴിയും ഡാർക്ക് നെറ്റ് വഴിയും കുട്ടികൾക്കെതിരെയുള്ള ലൈംഗീകതിക്രമങ്ങളും അശ്ലീല ചിത്രങ്ങളും ഡൗൺലോഡ് ചെയ്തും ഷെയർ ചെയ്തും പ്രചരിപ്പിക്കുന്നവരെ കണ്ടെത്തുന്നതിന്റെ ഭാഗമായി രാജ്യാന്തര കുറ്റാന്വേഷണ വിഭാഗമായ ഇന്റർപോളുമായി സഹകരിച്ചാണ് കേരളത്തിൽ പരിശോധന നടത്തുന്നത്.
കണ്ണൂരിൽ പിടിയിലായ പ്രതിയിൽ നിന്നും അശ്ലീല വെബ് സൈറ്റുകൾ സന്ദർശിച്ചതിനും വീഡിയോ ഡൗൺ ലോഡ് ചെയ്തതിനുമുള്ള തെളിവുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതിയിൽ നിന്നും ഒരു മൊബൈൽ ഫോണും പിടികൂടി. പിടികൂടിയ ഫോൺ വിദഗ്ധ പരിശോധനക്കായി ഫോറൻസിക് വകുപ്പിന് അയച്ചുകൊടുക്കും. സൈബർ പൊലീസിന്റെ സഹായത്തോടെയാണ് കണ്ണൂർ സിറ്റി പൊലീസ് റെയാഡ് നടത്തിയത്.

അശ്ലീല വെബ് സൈറ്റുകളും,ആപ്ലിക്കേഷനുകളും നിരോധിത പോൺ സൈറ്റുകളും സന്ദർശിക്കുന്ന വ്യക്തികളെ നീണ്ട കാലത്തെ നിരീക്ഷണത്തിനു ശേഷമാണ് വിവരങ്ങൾ കേരളാ പൊലീസിന് ഇന്റർപോൾ കൈമാറുന്നത്. ഇതിനു ശേഷമാണ് പൊലീസ് മൊബൈൽ ടവർ പരിശോധിച്ച് പ്രതികളെ പിടികൂടുന്നത്.