
മുംബയ്: വിക്കിപീഡിയയിൽ തന്റെ പ്രൊഫൈലിൽ ഇന്ത്യൻ മോഡൽ എന്ന് മാത്രം രേഖപ്പെടുത്തിയിരിക്കുന്നതിൽ പ്രതിഷേധിച്ച് ബോളിവുഡ് അഭിനേത്രി തനുശ്രീ ദത്ത. ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് മുൻ മിസ് ഇന്ത്യ കൂടിയായ തനുശ്രീ ദത്ത തന്റെ പ്രതിഷേധം വെളിപ്പെടുത്തിയത്.
കുറച്ചു നാളായി തന്നെ വിഷമപ്പെടുത്തുന്ന കാര്യം പറയാൻ ആഗ്രഹിക്കുന്നുവെന്ന മുഖവുരയോടെയാണ് തനുശ്രീ കുറിപ്പ് ആരംഭിക്കുന്നത്. വിക്കിപീഡിയ അനുസരിച്ച് താൻ വെറുമൊരു മോഡൽ മാത്രമാണെന്നും താൻ ഒരു മിസ് ഇന്ത്യ ആയിരുന്നുവെന്നും നിരവധി ചിത്രങ്ങളിൽ നായികയായി അഭിനയിച്ച കാര്യങ്ങളൊന്നും സൈറ്റിൽ വരുന്നില്ലെന്നും തനുശ്രീ പറഞ്ഞു. നിരവധി തവണ ഈ വിവരങ്ങൾ എഡിറ്റ് ചെയ്ത് ചേർക്കാൻ ശ്രമിച്ചെങ്കിലും അത് വീണ്ടും പഴയത് പോലെ ആവുകയാണെന്നും ഇത് തന്നെ വല്ലാതെ അസ്വസ്ഥയാക്കുന്നെന്നും തനുശ്രീ തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
ഒരു വ്യക്തിയുടെ വിവരങ്ങൾ അറിയുന്നതിന് വേണ്ടി ആദ്യം ആൾക്കാർ തെരയുന്നത് വിക്കിപീഡിയയിൽ ആണെന്നും അതിൽ പൂർണമായ വിവരങ്ങൾ നൽകാൻ സാധിക്കാത്തത് ശരിയായ നടപടിയല്ലെന്നും തനുശ്രീ വ്യക്തമാക്കി.