kohli

മുംബയ്: ദിവസങ്ങൾക്ക് മുമ്പ് ഇന്ത്യൻ ടീമിന്റെ ടെസ്റ്റ് ക്യാപ്ടൻ പദവിയൊഴിഞ്ഞ വിരാട് കൊഹ്‌ലിയുടെ യഥാർത്ഥ പ്രശ്നം അദ്ദേഹത്തിന്റെ മനസിനുള്ളിലുള്ള തോന്നലുകളാണെന്ന് മുൻ ഇന്ത്യൻ ഓപ്പണർ സഞ്ജയ് മഞ്ജരേക്കർ. ഇതിന് മുമ്പും കൊഹ്‌ലി ക്യാപ്ടൻ സ്ഥാനങ്ങൾ രാജിവച്ചിട്ടുള്ളത് തന്റെ സ്ഥാനത്തിന് എന്തെങ്കിലും ഭീഷണി വരുമ്പോഴാണെന്നും ആരുടെ മുന്നിലും തല കുനിക്കാനോ തോൽക്കാനോ ഉള്ള മനസില്ലാത്തതിനാലാണ് മറ്റാരെങ്കിലും പുറത്താക്കുന്നതിന് മുമ്പ് കൊഹ്‌ലി ക്യാപ്ടൻ സ്ഥാനം ഒഴിയുന്നതെന്ന് മഞ്ജരേക്ക‌‌ർ പറഞ്ഞു.

ഇതിന് മുമ്പ് കൊഹ്‌ലി ആർ സി ബി ക്യാപ്ടൻ സ്ഥാനവും ദേശീയ ടീമിന്റെ ടി ട്വന്റി ക്യാപ്ടൻ സ്ഥാനവും രാജിവച്ചത് സമാനമായ സാഹചര്യങ്ങളിലായിരുന്നു. ടീം സ്ഥിരമായി പരാജയപ്പെടാൻ തുടങ്ങിയപ്പോഴോ ക്യാപ്ടനെതിരെ വിമർശനങ്ങൾ ഉയർന്നപ്പോഴോ ആണ് ആർ സി ബി ക്യാപ്ടൻ സ്ഥാനവും ടി ട്വന്റി ക്യാപ്ടൻസിയും കൊഹ്‌ലി ഉപേക്ഷിച്ചത്. ഇപ്പോൾ ദേശീയ ടീമിന്റെ ടെസ്റ്റ് ക്യാപ്ടൻ സ്ഥാനം രാജിവച്ചതും ദക്ഷിണാഫ്രിക്കയിലെ പരമ്പരയിൽ തോറ്റതിന് പിന്നാലെയാണ്.

തനിക്കെതിരെ വരുന്ന വിമർശനങ്ങൾ കൈകാര്യം ചെയ്യാൻ കൊഹ്‌ലി ഇനിയും പഠിക്കേണ്ടിയിരിക്കുന്നെന്ന് മഞ്ജരേക്കർ പറഞ്ഞു. വിമർശനങ്ങൾ ഉണ്ടാകുമ്പോൾ സ്ഥാനങ്ങൾ ഉപേക്ഷിച്ച് പോകുന്നത് പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടുന്നതിന് തുല്ല്യമാണെന്നും മുൻ ഇന്ത്യൻ താരം വ്യക്തമാക്കി. എന്നാൽ ക്യാപ്ടൻ സ്ഥാനം ഒഴിവാകുന്നത് വഴി കൊഹ്‌ലിക്ക് സ്വന്തം ബാറ്റിംഗിൽ കൂടുതൽ ശ്രദ്ധചെലുത്താൻ സാധിക്കുമെങ്കിൽ ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് അത് വലിയ സഹായമായിരിക്കുമെന്നും മഞ്ജരേക്കർ കൂട്ടിച്ചേ‌ർത്തു.