
ന്യൂഡൽഹി: റിപ്പബ്ളിക്ക് ദിന പരേഡിൽ നിന്ന് കേരളം ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങളുടെ നിശ്ചലദൃശ്യങ്ങൾ ഒഴിവാക്കിയ നടപടിയിൽ സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തി കേന്ദ്രം. കേന്ദ്രത്തിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിന് മുമ്പ് സംസ്ഥാനങ്ങൾ യാഥാർത്ഥ്യം മനസിലാക്കണമെന്ന് മോദി സർക്കാരുമായി അടുത്തവൃത്തങ്ങൾ ദേശീയ മാദ്ധ്യമങ്ങളോട് പറഞ്ഞു.
പരേഡിൽ പങ്കെടുക്കുന്ന ഫ്ളോട്ടുകൾ തിരഞ്ഞെടുക്കുന്നത് മോദി സർക്കാരല്ലെന്നും അതിന് വേണ്ടി കലാകാരന്മാരും വിദഗ്‌ദ്ധരും അടങ്ങിയ ഒരു പാനൽ തന്നെയുണ്ടെന്നും സർക്കാരുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. ഈ പാനൽ തിരഞ്ഞെടുക്കുന്ന ഫ്ലോട്ടുകളാണ് പരേഡിൽ അണിനിരക്കുന്നതെന്നും തിരഞ്ഞെടുപ്പിനുള്ള മാനദണ്ഡങ്ങൾ തീരുമാനിക്കുന്നതും അവരാണെന്ന് ഇവർ പറഞ്ഞു.
തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും തങ്ങളുടെ സംസ്ഥാനങ്ങളുടെ ഫ്ളോട്ടുകൾ റിപ്പബ്ളിക്ക് ദിന പരേഡിൽ നിന്ന് ഒഴിവാക്കപ്പെട്ടതിനെതിരെ കേന്ദ്രസർക്കാരിന് കത്തെഴുതിയിരുന്നു.
ഓരോ തവണയും ഫ്ളോട്ടുകൾ നിരസിച്ചതിന് പിന്നിൽ കേന്ദ്രസർക്കാരിന്റെ ഗൂഢാലോചനയാണെന്ന തരത്തിൽ ചില സംസ്ഥാനങ്ങൾ സ്ഥിരമായി പ്രചാരണം നടത്താറുണ്ടെന്നും ഇത് ഇന്ത്യയെ മറ്റ് രാജ്യങ്ങളുടെ മുന്നിൽ നാണംകെടുത്താൻ മാത്രമേ ഉപകരിക്കുകയുള്ളൂ. എന്തിലും ഏതിലും രാഷ്ട്രീയം കണ്ടെത്താൻ ശ്രമിക്കുന്ന മുഖ്യമന്ത്രിമാർ എല്ലാ വർഷവും മോദി സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ഒരേ തരത്തിലുള്ള അടവുകളുമായി വരികയാണെന്നും ഇവർ ആരോപിച്ചു.