modi

ന്യൂ‌‌ഡൽഹി: ഇന്ത്യയിൽ നിക്ഷേപം നടത്താൻ പറ്റിയ സമയമാണ് ഇപ്പോഴെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക സാമ്പത്തിക ഫോറത്തിന്റെ അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ദാവോസ് അജൻഡ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി. രാജ്യത്തുള്ള യുവാക്കൾ പുത്തൻ ആശയങ്ങളും പുതിയ സാങ്കേതിക വിദ്യകളും സ്വായത്തമാക്കാൻ വെമ്പൽകൊള്ളുന്നവരാണെന്നും ഈ സാഹചര്യം പരമാവധി മുതലെടുക്കാൻ വ്യവസായികൾക്ക് സാധിക്കുമെന്നും മോദി പറഞ്ഞു. 2021ൽ അറുപതിനായിരത്തിന് മുകളിൽ സ്റ്റാർട്ടപ്പുകൾ ഇന്ത്യയിൽ ആരംഭിച്ചെന്നത് ഇന്ത്യൻ യുവാക്കളുടെ ഊർജസ്വലതയ്ക്കുള്ള ഉത്തമ ഉദാഹരണമാണെന്നും മോദി പറഞ്ഞു.

ഇന്ത്യ വള‌ർച്ചയുടെ പാതയിലാണെന്നും പ്രതീക്ഷകളുടെ ഒരു പൂച്ചെണ്ടാണ് രാജ്യം ലോകത്തിന് മുന്നിൽവക്കുന്നതെന്നും മോദി സൂചിപ്പിച്ചു. ഉപഭോക്തൃ സംസ്കാരം കാലാവസ്ഥാവ്യതിയാനത്തെ വലിയ രീതിയിൽ ബാധിച്ചെങ്കിലും അതിനുള്ള പ്രതിവിധിയും ഇന്ത്യയുടെ പക്കലുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. യു പി ഐ, ആരോഗ്യസേതു, കൊവിൻ മുതലായ ആപ്ളിക്കേഷനുകളെ കുറിച്ച് പരാമ‌ർശിച്ച പ്രധാനമന്ത്രി നവീന സാങ്കേതിക രംഗങ്ങളിൽ ഇന്ത്യ വലിയൊരു മുന്നേറ്റമാണ് കൈവരിച്ചതെന്നും ഇത്തരം സാങ്കേതിക വിദ്യകൾ ബിസിനസ് സുഖകരമായി നടത്താൻ വലിയ പ്രയോജനകരമായിരിക്കുമെന്നും കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ സാമ്പത്തിക പരിഷ്കാരങ്ങൾ ശരിയായ ദിശയിലായിരുന്നെന്നും ആഗോള സാമ്പത്തിക വിദഗ്ദ്ധർ വരെ ഇന്ത്യയുടെ സാമ്പത്തിക പരിഷ്കാരങ്ങളെ പുകഴ്ത്തിയിരുന്നെന്നും മോദി സൂചിപ്പിച്ചു. നേരത്തെ ചൈനയുടെ പ്രസിഡന്റ് ഷീ ജിൻപെംഗുമായി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.