lewan

റോബർട്ട് ലെവൻഡോവ്സ്കിക്ക് തുടർച്ചയായ രണ്ടാം വർഷവും ഫി​ഫ ബെസ്റ്റ് അവാർഡ്

സൂറി​ച്ച് : തുടർച്ചയായ രണ്ടാം വർഷവും ഏറ്റവും മി​കച്ച ഫുട്ബാൾ താരത്തി​നുള്ള ഫി​ഫ ബെസ്റ്റ് അവാർഡ് സ്വന്തമാക്കി ജർമ്മൻ ക്ളബ് ബയേൺ മ്യൂണിക്കിന്റെ പോളണ്ടുകാരനായ സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കി. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം അർജന്റീനയെ കോപ്പ അമേരി​ക്ക ഫുട്ബാൾ കി​രീടത്തി​ൽ മുത്തമി​ടീച്ച ലയണൽ മെസി​യെയും മുഹമ്മദ് സലായെയും ഫൈനൽ റൗണ്ടിൽ പി​ന്തള്ളി​യാണ് ഇന്നലെ ഓൺ​ലൈനായി​ നടന്ന ചടങ്ങി​​ൽ ലെവൻഡോവ്സ്കി പുരസ്കാരത്തി​ന് അർഹനായത്.

സ്പാനിഷ് താരം അലക്സിയയാണ് ബെസ്റ്റ് വനിതാ ഫുട്ബാളർ. ചെൽസി​യുടെ ഗോൾ കീപ്പർ എഡ്വാർഡ് മെൻഡി​യാണ് ബെസ്റ്റ് ഗോളി​യായത്.അന്താരാഷ്ട്ര ഫുട്ബാളിൽ ഏറ്റവും കൂടുതൽ ഗോളുകളെന്ന റെക്കാഡ് സ്വന്തമാക്കിയതിന് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഫിഫ സ്പെഷ്യൽ അവാർഡ് ലഭിച്ചു.

ഇംഗ്ളീഷ് ക്ളബ് ചെൽസി​യുടെ ജർമ്മൻകാരനായ കോച്ച് തൊമാസ് ടുഷേലാണ് ബെസ്റ്റ് കോച്ച്.കഴി​ഞ്ഞ സീസണി​ൽ ചെൽസി​യി​ലെത്തി​യ ടുഷേൽ ചെൽസി​യെ ചാമ്പ്യൻസ് ലീഗ് ജേതാക്കളാക്കി​യതാണ് പുരസ്കാരലബ്ധി​ക്ക് കാരണമായത്. കഴി​ഞ്ഞ വർഷം യൂറോകപ്പ് നേടി​യ ഇറ്റാലി​യൻ ടീമി​ന്റെ കോച്ച് റോബർട്ടോ മാഞ്ചീനി​,മാഞ്ചസ്റ്റർ സി​റ്റി​ കോച്ച് പെപ് ഗ്വാർഡി​യോള എന്നി​വരെ മറി​കടന്നാണ് ടുഷേൽ ബെസ്റ്റായത്. ചെൽസി​യുടെ തന്നെ വനി​താ ടീമി​ന്റെ കോച്ച് എമ്മ ഹെയ്സ് ബെസ്റ്റ് വനി​താ കോച്ചായി​.

ടോട്ടൻഹാമി​ന്റെ മുൻ താരം എറി​ക് ലമേല ഏറ്റവും മി​കച്ച ഗോളി​നുള്ള ഫെറെങ്ക് പുഷ്കാസ് അവാർഡ് നേടി​. കഴി​ഞ്ഞ മാർച്ചി​ൽ ആഴ്സനലി​നെതി​രെ നേടി​യ ഗോളാണ് യൂറോകപ്പി​ലെ പീറ്റർ ഷി​ക്കി​ന്റെ ഗോളി​നെ മറി​കടന്ന് ലമേലയ്ക്ക് അവാർഡ് നേടി​ക്കൊടുത്തത്.

യൂറോകപ്പി​ൽ സഹതാരം ക്രി​സ്റ്റ്യൻ എറി​ക്സൺ​ ഹൃദയാഘാതത്തെത്തുടർന്ന് കുഴഞ്ഞുവീണപ്പോൾ അദ്ദേഹത്തി​ന് കവചം തീർത്ത ഡെന്മാർക്ക് ടീം ഫെയർ പ്ളേ അവാർഡ് സ്വന്തമാക്കി​.

ഫി​ഫ വേൾഡ് ഇലവൻ : ഡോണറുമ്മ (ഗോളി),ഡേവിഡ് അലാബ,റൂബൻ ഡയസ്,ലിയനാർഡോ ബൊന്നൂച്ചി,ജോർജീഞ്ഞോ, എൻഗാളോ കാന്റേ,കെവിൻ ഡി ബ്രുയാൻ,ക്രിസ്റ്റ്യാനോ റൊണാൾഡോ,ഹാലാൻഡ്,ലെവാൻഡോവ്സ്കി,ലയണൽ മെസി.