secretariat

തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. സെക്രട്ടേറിയേറ്റിലും രോഗം പടരുകയാണ്. മന്ത്രി വി ശിവൻകുട്ടിക്കും രോഗം സ്ഥിരീകരിച്ചു. അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കൂടുതൽ ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സെക്രട്ടേറിയേറ്റ് സെൻട്രൽ ലൈബ്രറി ഈ മാസം 23വരെ അടച്ചു. വനം, ദേവസ്വം മന്ത്രിമാരുടെ ഓഫീസിലും കൊവിഡ് പടർന്നു പിടിക്കുകയാണ്. ഇന്ന് രാവിലെ വരെയുള്ള കണക്കുകൾ പ്രകാരം 80ഓളം ജീവനക്കാർക്കാണ് കൊവിഡ് പിടിപെട്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലും കൊവിഡ് രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. പൊളിറ്റിക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർക്ക് രോഗം സ്ഥിരീകരിച്ചു. പലർക്കും രണ്ടാം തവണയാണ് രോഗം ബാധിക്കുന്നത്. ഇതോടെ സെക്രട്ടേറിയേറ്റിൽ ജോലി സമയത്തിൽ ക്രമീകരണം ഏർപ്പെടുത്തണമെന്ന് സംഘടനകൾ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരിക്കുകയാണ്. അണ്ടര്‍ സെക്രട്ടറി വരെയുള്ളവര്‍ക്കെങ്കിലും വര്‍ക്ക് ഫ്രം ഹോം നടപ്പാക്കണമെന്ന ആവശ്യമാണ് കത്തിൽ പറഞ്ഞിട്ടുള്ളത്.

കെഎസ്ആർടിസിയിലും കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. കഴിഞ്ഞ ദിവസം വെഞ്ഞാറമൂട് ഡിപ്പോയിൽ 14പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നെടുമങ്ങാട് ഡിപ്പോയിൽ ഒമ്പത് പേർക്കും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ശബരിമല ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്കും കൊവിഡ് പിടിപെട്ടു. എഡിജിപിയും എസ് പിയും ഉൾപ്പെടെയുള്ളവർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് വളയം പൊലീസ് സ്റ്റേഷനിൽ 4 പൊലീസുകാർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.അഡീഷണൽ എസ് ഐ, എ എസ് ഐ, രണ്ട് സിവിൽ പൊലീസ് ഓഫീസർമാർ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഏഴ് ഡോക്ടർമാർക്കും, നാല് മെഡിക്കൽ വിദ്യാർഥികൾക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട് . ആശുപത്രിയിലെ കൊവിഡ് വാർഡ് രോഗികളാൽ നിറഞ്ഞിരി്കകുകയാണ്.

സംസ്ഥാനത്താകെ കൊവിഡ് വ്യാപനം അതിരൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. തുടർച്ചയായ രണ്ടാം ദിവസവും പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30ന് മുകളിൽ എത്തി. ഇന്നലെ മാത്രം 22,946 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 69,373 പരിശോധനകളാണ് ഇന്നലെ നടത്തിയത്. 33.07 ശതമാനമാണ് നിലവിൽ സംസ്ഥാനത്തെ ടിപിആർ നിരക്ക്. ഞായറാഴ്ച ഇത് 30.55 ശതമാനമായിരുന്നു.

കൊവിഡ് രണ്ടാം തരംഗത്തിൽ ഉണ്ടായതിനേക്കാൾ വേഗതയിലാണ് ഇപ്പോൾ രോഗം വ്യാപിക്കുന്നത്. രണ്ടാം തരംഗം ഏറ്റവും ഉയർന്ന മെയ് 12ന് 29.75 ശതമാനമായിരുന്നു ടിപിആർ. രോഗികളുടെ എണ്ണം കൂടുന്നതിനൊപ്പം രോഗം ഗുരുതരമാകുന്നവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുന്നുണ്ട്. ഇന്നലെ 711 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.