
ഭോപ്പാൽ: മദ്ധ്യപ്രദേശിലെ പെഞ്ച് കടുവാ സങ്കേതത്തിലെ അമ്മക്കടുവ 'കോളർവാലി' ഓർമയായി. 'സൂപ്പർ മോം' എന്നറിയപ്പെടുന്ന ഈ കടുവ ശനിയാഴ്ചയാണ് മരണപ്പെട്ടത്. 17വയസായ കടുവയ്ക്ക് പ്രായാധിക്യം മൂലമുള്ള അവശതകൾ ഉണ്ടായിരുന്നു. ഈ പ്രായത്തിനിടെ 29 കുഞ്ഞുങ്ങൾക്കാണ് കോളർവാലി ജന്മം നൽകിയത്.
ശനിയാഴ്ച വൈകുന്നേരം 6.15ഓടെ കർമാഝിരി വനപരിധിയിൽ വച്ചാണ് കോളർവാലി മരണപ്പെട്ടതെന്നാണ് പെഞ്ച് കടുവാ സങ്കേതം അറിയിച്ചത്. ആരോഗ്യനില മോശമായിരുന്ന കോളർവാലിയെ കഴിഞ്ഞ ഒരാഴ്ചയായി ഒരു സംഘം വനംവകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷിക്കുന്നുണ്ടായിരുന്നു. പ്രായാധിക്യമാണ് മരണകാരണമെന്നാണ് അധികൃതർ വ്യക്തമാക്കിയത്. 12 വയസുവരെയാണ് കടുവകളുടെ ശരാശരി ആയുസ്.
2008 മാർച്ചിലാണ് കടുവയ്ക്ക് കോളർ നൽകിയത്. 2010ൽ അത് പ്രവർത്തനരഹിതമായതോടെ പുതിയ കോളർ നൽകി. ഇതോടെയാണ് പ്രദേശവാസികൾക്കിടയിൽ കടുവ കോളർവാലി എന്ന പേരിൽ അറിയപ്പെട്ടുതുടങ്ങിയത്.
പെഞ്ച് കടുവാ സങ്കേതം സന്ദർശിക്കാനെത്തുന്നവർക്കെല്ലാം സുപരിചിതയായിരുന്നു കോളർവാലി. മദ്ധ്യപ്രദേശിലെ കടുവകളുടെ എണ്ണം വർദ്ധിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത് കോളർവാലിയായിരുന്നു. 'പെഞ്ച് കടുവാ സങ്കേതത്തിലെ റാണി' എന്നാണ് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ കോളർവാലിയെ വിശേഷിപ്പിച്ചത്. ലോകത്ത് ഏറ്റവും കൂടുതൽ ചിത്രങ്ങളെടുക്കപ്പെട്ട കടുവയും കോളർവാലിയാണെന്ന് ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാൻ വ്യക്തമാക്കി.
പ്രദേശവാസികൾക്ക് പ്രിയങ്കരിയായ കോളർവാലിയെ ഏറെ ബഹുമതികളോടെയാണ് സംസ്കരിച്ചത്. പൂമാലകൾകൊണ്ട് അലങ്കരിച്ച് ചിതയൊരുക്കിയായിരുന്നു സംസ്കാരം. ഒട്ടേറെ ഗ്രാമവാസികളാണ് തൊഴുകൈകളോടെ പെഞ്ചിന്റെ അമ്മയ്ക്ക് അന്തിമോപചാരമർപ്പിക്കാനെത്തിയത്.
RIP the Queen of Pench ! #Tigress #Collarwali
— Sonal Goel IAS (@sonalgoelias) January 17, 2022
Such respect & love can only be in India🙏🏻
Heartwarming to see locals pay tribute to the tigress just like their family.
Collarwali was called as ‘mother of Pench’, she holds record of giving birth to 29 Cubs.#LegendaryTigress pic.twitter.com/SM9v3zlSg3