west-bengal

കൊൽക്കത്ത: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കാതെ തന്നെ 450 പേരെ സാക്ഷിയാക്കി വിവാഹിതരാകാൻ ഒരുങ്ങുകയാണ് വെസ്റ്റ് ബംഗാളിലെ വധൂവരൻമാർ. സഹായത്തിനായി ഇന്റർനെറ്റും ആപ്ളിക്കേഷനുകളും ഉള്ളപ്പോൾ എന്തിന് പേടിക്കണമെന്നാണ് ഇവരുടെ ചോദ്യം.

ജനുവരി 24ന് വിവാഹിതരാകുന്ന സന്ദീപൻ സർക്കാറും അദിഥി ദാസുമാണ് ടെക്നോളജിയുടെ സഹായത്താൽ കല്യാണ ചടങ്ങുകൾ ക്രമീകരിച്ച് കൊവിഡ് കാലത്ത് മാതൃകയാവുന്നത്. കഴിഞ്ഞ വർഷം വിവാഹിതരാകാൻ തീരുമാനിച്ചിരുന്നതാണെന്നും എന്നാൽ കൊവിഡ് മൂലം മാറ്റിവയ്ക്കുകയുമായിരുന്നെന്നും സർക്കാർ സന്ദീപൻ പറഞ്ഞു. തുടർന്നാണ് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടു തന്നെ എല്ലാ അതിഥികളെയും എങ്ങനെ പങ്കെടുപ്പിക്കാമെന്ന് ആലോചിക്കുന്നതും അടിപൊളി ഒരു ആശയം കണ്ടെത്തുന്നതും. ഇതോടെ സ്വന്തം വീടുകളിൽ ഇരുന്ന് തന്നെ അതിഥികൾക്ക് വിവാഹ ചടങ്ങുകൾ ലൈവായി കാണാൻ സാധിക്കും. നല്ല അടിപൊളിയൊരു വിവാഹ വിരുന്നും ആസ്വദിക്കാം. കൊവിഡ് ബാധിതനായി നാല് ദിവസം ആശുപത്രിയിൽ കിടന്നപ്പോഴാണ് ഇത്തരത്തിൽ ഒരു ഡിജിറ്റൽ കല്യാണത്തിന്റെ ആശയമുദിക്കുന്നതെന്ന് സന്ദീപൻ പറഞ്ഞു. ചടങ്ങിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു ദിവസം മുൻപ് തന്നെ ഗൂഗിൾ മീറ്റ് ലിങ്കും പാസ്‌വേർഡും അയച്ചുനൽകുമെന്നും ഇയാൾ കൂട്ടിച്ചേർത്തു.

ഇത് തങ്ങൾക്ക് പുതിയൊരു ആശയമാണെന്നും കമ്പനി സ്വാഗതം ചെയ്യുന്നുവെന്നും സൊമാറ്റോയിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഇത്തരം ഒരു പരിപാടിയെ ഔദ്യോഗികമായി പ്രചരിപ്പിക്കാൻ കമ്പനി ഒരുങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ്‌നാട്ടിലെ വധൂവരൻമാരായ ദിനേഷ് എസ് പിയും ജനഗനന്ദിനിയും മെറ്റാവേഴ്‌സിലൂടെ വിവാഹിതരാകാൻ ഒരുങ്ങുന്നതിന് പിന്നാലെയാണ് രാജ്യം മറ്റൊരു ഡിജിറ്റൽ വിവാഹത്തിന് സാക്ഷിയാകുന്നത്.