p

ചെന്നൈ : 18 വർഷം നീണ്ട ദാമ്പത്യജീവിതത്തിനൊടുവിൽ നടൻ ധനുഷും ഭാര്യ ഐശ്വര്യ രജനീകാന്തും വേർപിരിയുന്നു. കഴിഞ്ഞ ദിവസം സാമൂഹ്യ മാദ്ധ്യമത്തിലൂടെ ഇരുവരും തന്നെയാണ് വിവാഹമോചിതരാകുന്ന വാർത്ത പുറത്തുവിട്ടത്.

' പതിനെട്ട് വർഷമായി സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും അഭ്യുദയകാംക്ഷികളായും ഒരുമിച്ച് നിൽക്കുന്നു. ഈ യാത്ര വളർച്ചയുടെയും പരസ്പരധാരണകളുടെയും വിട്ടുവീഴ്ചകളുടേതുമായിരുന്നു. ഇന്ന് ഞങ്ങൾ രണ്ട് പേരും രണ്ട് പാതയിലാണ്. ദമ്പതികളെന്ന നിലയിൽ നിന്ന് വേർപിരിയാൻ ഞാനും ഐശ്വര്യയും തീരുമാനിച്ചിരിക്കുകയാണ്.

വ്യക്തിയെന്ന നിലയിൽ ഞങ്ങളെ പരസ്പരം മനസിലാക്കുന്നതിന് ഇനി സമയം തിരഞ്ഞെടുക്കുന്നു. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കൂ. ഈ ഘട്ടത്തെ കൈകാര്യം ചെയ്യാൻ ഞങ്ങൾക്ക് വേണ്ട സ്വകാര്യത നൽകുമെന്ന് പ്രതീക്ഷിക്കുന്നു. " - ധനുഷും ഐശ്വര്യയും ട്വിറ്ററിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. വളരെ അപ്രതീക്ഷിതമായുള്ള ഇരുവരുടെയും വേർപിരിയൽ വാർത്ത സിനിമാ ലോകത്ത് ചർച്ചയായിരിക്കുകയാണ്.

ആറ് മാസത്തെ പ്രണയത്തിനൊടുവിൽ 2004ൽ തന്റെ 21ാം വയസിലാണ് ധനുഷ്, സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ മൂത്ത മകൾ ഐശ്വര്യയെ വിവാഹം ചെയ്തത്. യാത്ര, ലിംഗ എന്നീ രണ്ട് ആൺമക്കളുണ്ട് ദമ്പതികൾക്ക്. തമിഴ് ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായ കസ്തൂരി രാജയുടെ മകനാണ് ധനുഷ്.

പിന്നണി ഗായികയും സംവിധായികയുമാണ് ഐശ്വര്യ. 2012ൽ പുറത്തിറങ്ങിയ ധനുഷിന്റെ ' 3 " എന്ന ചിത്രത്തിന്റെ സംവിധാനം ഐശ്വര്യയായിരുന്നു. അക്ഷയ് കുമാറിനും സാറാ അലിഖാനും ഒപ്പം അഭിനയിച്ച ' അത്‌രംഗി രേ " എന്ന ഹിന്ദി ചിത്രമാണ് ധനുഷിന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്.