
കോഴിക്കോട്: വാലന്റൈൻസ് ദിനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'ബോചെ പ്രണയലേഖന മത്സരം" ഡോ.ബോബി ചെമ്മണൂർ ഉദ്ഘാടനം ചെയ്തു. തൃശൂർ പാവറട്ടി പോസ്റ്റോഫീസിൽ പ്രത്യേകം സ്ഥാപിച്ച തപാൽപെട്ടിയിൽ പ്രണയലേഖനം നിക്ഷേപിച്ചായിരുന്നു ഉദ്ഘാടനം. ജീവിതത്തിൽ തനിക്കൊപ്പം ചേരാൻ കഴിയാത്ത, മലയാളികൾക്ക് സുപരിചിതയായ പ്രണയിനിക്കുള്ള ലേഖനമാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്.
സിനിമ, സാഹിത്യരംഗത്തെ പ്രമുഖരായ വി.കെ. ശ്രീരാമൻ, റഫീഖ് അഹമ്മദ്, മുരുകൻ കാട്ടാക്കട, പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനിൽകുമാർ, മനോജ് തച്ചംപള്ളി, നന്ദകിഷോർ തുടങ്ങിയവർ സംബന്ധിച്ചു. 'അക്ഷരങ്ങളിലൂടെയുള്ള പ്രണയം/ അക്ഷരങ്ങളോടുള്ള പ്രണയം" എന്നീ ശീർഷകങ്ങളിലാണ് മത്സരം. അടുത്ത നാല് ഞായറാഴ്ചകളിൽ ആഴ്ചയിൽ ലഭിക്കുന്ന എഴുത്തുകളിൽ നിന്ന് 20 എണ്ണം തിരഞ്ഞെടുക്കും.
വി.കെ. ശ്രീരാമൻ, റഫീഖ് അഹമ്മദ്, ഹരിനാരായണൻ, കെ.പി. സുധീര, ആര്യ ഗോപി, ശ്രുതി സിത്താര, സുരഭിലക്ഷ്മി എന്നിവരാണ് ജഡ്ജിംഗ് പാനലംഗങ്ങൾ. ബമ്പർ വിജയിക്കും കുടുംബത്തിനും മൂന്നാറിൽ ഒരുദിവസം 25,000 രൂപ വാടകയുള്ള കാരവൻ യാത്രയും താമസവും ഭക്ഷണവും സൗജന്യം. ഒന്നും രണ്ടും സ്ഥാനക്കാർക്ക് സ്വർണനാണയം, റോൾസ്-റോയ്സ് കാറിൽ പ്രണയിതാക്കൾക്കോ കുടുംബാംഗങ്ങൾക്കോ ആഡംബര യാത്രാവസരം.
തിരഞ്ഞെടുക്കപ്പെട്ട മറ്റുള്ളവർക്ക് ബോബി ഓക്സിജൻ റിസോർട്ടിൽ ഒരുദിവസം താമസം. ബോബി ചെമ്മണൂരിന്റേത് ഉൾപ്പെടെ 101 ലേഖനങ്ങൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കും. വിജയികളെ വാലന്റൈൻസ് ദിനമായ ഫെബ്രുവരി 14ന് പ്രഖ്യാപിക്കും.