tesla-

ഇന്ത്യയിലേക്ക് നിർമ്മാണ ഫാക്ടറി സ്ഥാപിക്കുവാൻ ടെസ്‌ല സിഇഒ ഇലോൺ മസ്‌ക് വരുമെന്ന് തീർച്ചയായില്ലെങ്കിലും അദ്ദേഹത്തെ സ്വീകരിക്കാൻ തയ്യാറായി രംഗത്തെത്തിയിരിക്കുകയാണ് ആറ് സംസ്ഥാനങ്ങൾ. തെലങ്കാന, മഹാരാഷ്ട്ര, തമിഴ്നാട്, പഞ്ചാബ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്ക് പിന്നാലെ ഇന്ന് കർണാടകയും വ്യവസായ ഭീമനെ ക്ഷണിച്ചിരിക്കുകയാണ്. ഇതോടെ കേരളത്തിന്റെ രണ്ട് അയൽ സംസ്ഥാനങ്ങളും ടെസ്ലയെ സ്വന്തമാക്കാൻ ഒരുങ്ങുകയാണ്. ശരിക്കും തങ്ങളാണ് ഇന്ത്യയുടെ 'ഇലക്ട്രിക് വെഹിക്കിൾ ഹബ്' എന്ന് വിശേഷിപ്പിച്ചാണ് കോടീശ്വരനിൽ നിന്ന് കൂടുതൽ ശ്രദ്ധ നേടാൻ കർണാടക ശ്രമിക്കുന്നത്.

400ലധികം ഗവേഷണ വികസന കേന്ദ്രങ്ങളും, 45ലധികം ഇവി സ്റ്റാർട്ടപ്പുകളും, ബംഗളൂരുവിനടുത്തുള്ള ഇവി ക്ലസ്റ്ററും എല്ലാം കൂടി കർണാടകയെ ഇവി ഹബ്ബായി ഉയർത്തുന്നു. കർണാടക ടെസ്ല പ്ലാന്റ് സ്ഥാപിക്കുന്നതിന് അനുയോജ്യമാകുമെന്ന് കർണാടക വ്യവസായ മന്ത്രി മുരുഗേഷ് ആർ നിരാനി ട്വീറ്റ് ചെയ്തു.

യുഎസ് ആസ്ഥാനമായുള്ള ടെസ്ലയ്ക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ അവതരിപ്പിക്കുന്നതിന് താത്പര്യമുണ്ടെന്ന് അടുത്തിടെ മസ്‌ക് ട്വീറ്റ് ചെയ്തിരുന്നു. അതേസമയം ടെസ്ല കാർ ഇറക്കുമതി ചെയ്ത് ഇന്ത്യയിൽ എത്തിക്കുന്നതിൽ മസ്‌കിന്റെ ആവശ്യങ്ങളോട് കേന്ദ്ര സർക്കാർ വലിയ താത്പര്യം കാട്ടിയിരുന്നില്ല. ഇറക്കുമതി തീരുവ ഉൾപ്പടെയുള്ള വിഷയങ്ങളാണ് ടെസ്ലയെ ഇതിൽ നിന്നും പിന്തിരിപ്പിക്കുന്നത്. 2021 ജനുവരിയിൽ ടെസ്ല ഇന്ത്യ മോട്ടോഴ്സ് ആൻഡ് എനർജി പ്രൈവറ്റ് ലിമിറ്റഡ് ബംഗളൂരുവിൽ രജിസ്റ്റർ ചെയ്തിരുന്നു. ഒരു ലക്ഷം രൂപ മൂലധനത്തോടെ ലിസ്റ്റ് ചെയ്യപ്പെടാത്ത ഒരു സ്വകാര്യ സ്ഥാപനമായിട്ടാണ് കമ്പനി രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ അന്നത്തെ കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ടെസ്ല കർണാടകയിൽ കാർ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നു.