
മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ തുടങ്ങുന്നതിന് ഏതാനും ആഴ്ചകൾക്ക് മുമ്പാണ് ടെന്നിസ് താരം നിക്ക് കിർഗിയോസിന് കൊവിഡ് പിടിപെടുന്നത്. സ്വന്തം നാട്ടിൽ നടക്കുന്ന ഗ്രാൻഡ്സ്ലാം ടൂർണമെന്റിൽ പങ്കെടുക്കാൻ പോലും സാധിക്കുമോ എന്ന് കിർഗിയോസിന് സംശയമുണ്ടായിരുന്നു. ഏതാനും ദിവസങ്ങൾക്കുശേഷം കൊവിഡിൽ നിന്ന് മുക്തനായെങ്കിലും പിന്നാലെ കൂടുതൽ ദുരിതവുമായി ആസ്മ എത്തി. നേരാംവണ്ണം ശ്വാസം പോലും കിട്ടാത്ത അവസ്ഥയിൽ ഓസ്ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കുന്നത് പോയിട്ട് നേരെ എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു തന്റേതെന്ന് കിർഗിയോസ് പറയുന്നു.
എന്നാൽ എല്ലാ പ്രവചനങ്ങളെയും പ്രതീക്ഷകളെയും തെറ്റിച്ച് കോർട്ടിലേക്ക് മടങ്ങിയെത്തിയ കിർഗിയോസ് ഓസ്ട്രേലിയൻ ഓപ്പണിലെ തന്റെ ആദ്യ മത്സരത്തിൽ ബ്രിട്ടന്റെ ലിയാം ബ്രോഡിയെ നേരിട്ടുള്ള സെറ്റുകൾക്കാണ് പരാജയപ്പെടുത്തിയത്. സ്കോർ 6-4, 6-4, 6-3. ഒരു മണിക്കൂർ 54 മിനിട്ട് നീണ്ട് നിന്ന പോരാട്ടത്തിൽ 21 എയ്സുകളും 41 വിന്നറുകളുമാണ് കിർഗിയോസിന്റെ റാക്കറ്റിൽ നിന്ന് പാഞ്ഞത്. കിർഗിയോസിന്റെ ഏറ്റവും വലിയ ശക്തിയായ കരുത്തുറ്റ സർവുകളുടെ പ്രളയമായിരുന്നു ഇന്നത്തെ മത്സരം. കൊവിഡിൽ നിന്ന് മുക്തനായ ശേഷമുള്ള കിർഗിയോസിന്റെ ആദ്യ മത്സരമെന്ന പ്രത്യേകത കൂടിയുണ്ടായിരുന്നു ഇന്നത്തെ മത്സരത്തിന്.
കൊവിഡ് ബാധിതനായിരുന്ന സമയത്ത് ദിവസവും 17 മണിക്കൂറോളമാണ് താൻ കട്ടിലിൽ ചെലവഴിച്ചതെന്നും കോർട്ടിലേക്ക് മടങ്ങിവരുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും തനിക്ക് അന്ന് സാധിച്ചിരുന്നില്ലെന്ന് കിർഗിയോസ് പറഞ്ഞു. കോർട്ടിലേക്കുള്ള മടങ്ങിവരവ് ഘട്ടംഘട്ടമായാണ് താൻ പ്ളാൻ ചെയ്തതെന്നും അതിന്റെ ഗുണഫലമാണ് ഇന്നത്തെ വിജയമെന്നും കിർഗിയോസ് മത്സരശേഷം വ്യക്തമാക്കി.
അടുത്ത റൗണ്ടിൽ കിർഗിയോസ് ലോക രണ്ടാം നമ്പർ താരം ഡാനി മെദ്‌വെദെവിനെ നേരിടും. ഹെൻറി ലോക്സോണണെയാണ് ആദ്യ റൗണ്ടിൽ മെദ്‌വദെവ് പരാജയപ്പെടുത്തിയത്.