
തൃശൂർ : കേരള വനിതാ ലീഗ് ഫുട്ബാൾ കിരീടം ഗോകുലം കേരള എഫ്.സി സ്വന്തമാക്കി. ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ഡോൺ ബോസ്കോയെ തോൽപ്പിച്ചതോടെയാണ് ഗോകുലം കിരീടം ഉറപ്പിച്ചത്. ഒരൊറ്റ ഗോൾ വഴങ്ങാതെ 90ൽ അധികം ഗോളുകൾ അടിച്ച് കൂട്ടിയാണ് ഗോകുലം കിരീടം നേടിയത്.
ഗോകുലത്തിനായി ഇന്നലെ എൽ ഷദയി രണ്ട് ഗോളുകൾ നേടി.ലീഗിലെ ടോപ് സ്കോറർ ആയ എൽ ഷദയിക്ക് ഈ ഗോളുകളോടെ ഒൻപത് മത്സരങ്ങളിൽ നിന്ന് 39 ഗോളുകളായി .കിരീട നേട്ടത്തിൽ ഏറ്റവും വലിയ പങ്ക് വഹിച്ചതും ഈ താരമാണ്. 23ന് ഡോൺ ബോസ്കോയ്ക്ക് എതിരായ ലീഗിലെ അവസാന മത്സരത്തിന് ശേഷം ഗോകുലത്തിന് കിരീടം സമ്മാനിക്കും. ഈ വിജയത്തോടെ ഗോകുലം ഇന്ത്യൻ വനിതാ ലീഗിനും യോഗ്യത നേടി.