mofiya

കൊച്ചി: ഗാർഹികപീ‌ഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത മോഫിയ പർവീണിന്റെ കേസിൽ പൊലീസ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. മോഫിയയുടെ ഭ‌ർത്താവ് സുഹൈൽ ഒന്നാം പ്രതിയും അമ്മ റുഖിയ രണ്ടാം പ്രതിയും പിതാവ് യൂസഫ് മൂന്നാം പ്രതിയുമാണ്. ഭർത്താവിന്റെ വീട്ടിൽ ക്രൂരമായ പീഡനമാണ് മോഫിയ അനുഭവിച്ചിരുന്നതെന്ന് പൊലീസിന്റെ കുറ്റപത്രത്തിൽ പറയുന്നു.

മോഫിയയെ ഭർത്താവ് സുഹൈലും ഭർത്തൃമാതാവ് റുഖീനയും നിരന്തരം മർദ്ദിച്ചിരുന്നെന്നും ഈ മ‌ർദ്ദനങ്ങളാണ് മോഫിയയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു. സുഹൈലിന്റെ പിതാവ് യൂസഫും ഈ മർദ്ദനങ്ങളെ പിന്തുണച്ചിരുന്നെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

എറണാകുളം റൂറൽ ക്രൈംബ്രാഞ്ച് ഡി വൈ എസ്പി രാജീവിനായിരുന്നു അന്വേഷണചുമതല. ആലുവ ജുഡീഷ്യൽ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. നിലവിൽ ജയിലിൽ കഴിയുന്ന സുഹൈലിന്റെ ജാമ്യാപേക്ഷ കോടതി ഈ മാസം 21ന് പരിഗണിക്കും. സുഹൈലിന്റെ മാതാപിതാക്കൾക്ക് നേരത്തെ തന്നെ ജാമ്യം ലഭിച്ചിരുന്നു.