
ലണ്ടൻ: വിജയ് മല്ല്യയുടെ ലണ്ടനിലെ ആഢംബര വീട് ജപ്തി ചെയ്യാൻ ലണ്ടനിലെ കോടതി ഉത്തരവ്. സ്വിസ് ബാങ്കിൽ നിന്നും എടുത്ത ലോൺ തിരിച്ചടക്കാത്തതിനാലാണ് വീട് ജപ്തി ചെയ്യാൻ കോടതി ഉത്തരവിട്ടത്. നിലവിൽ മല്ല്യയും മകൻ സിദ്ധാർത്ഥും ഭാര്യ ലളിതയും താമസിക്കുന്നത് ഈ വീട്ടിലാണ്. കോടതി ഉത്തരവിനെതുടർന്ന് മല്ല്യയ്ക്കും കുടുംബാംഗങ്ങൾക്കും അധികം താമസിയാതെ തന്നെ വീട് വിട്ട് ഇറങ്ങേണ്ടി വരും.
ബ്രിട്ടീഷ് വെർജിൻ ദ്വീപിൽ രജിസ്റ്റർ ചെയ്തിട്ടുള്ള റോസ് ക്യാപിറ്റൽ എന്ന കമ്പനിയുടെ പേരിലാണ് മല്ല്യ ഇപ്പോൾ താമസിക്കുന്ന ആഢംബര വീട്. 2012ൽ അഞ്ച് വർഷത്തെ കാലയളവിൽ മല്ല്യ ഈ വീട് പണയം വച്ച് കമ്പനിയുടെ പേരിൽ സ്വിസ് ബാങ്കിൽ നിന്ന് 20.4 മില്ല്യൺ പൗണ്ട് വായ്പ എടുത്തിരുന്നു. ഇത് ഏകദേശം 2066 കോടി രൂപ വരും. 2017ൽ ലോൺ കാലാവധി അവസാനിച്ചെങ്കിലും പണം തിരിച്ചടച്ചിരുന്നില്ല. ഇതിനെതുടർന്നാണ് മല്ല്യയുടെ ലണ്ടനിലെ വീട് ജപ്തി ചെയ്യാൻ കോടതി ഉത്തരവിട്ടത്.