high-court

കൊച്ചി: ഹൈക്കോടതിയിലെയും വിവിധ കീഴ്‌ക്കോടതികളിലെയും ട്രൈബ്യൂണലുകളിലെയും ഇടക്കാല ഉത്തരവുകളുടെ കാലാവധി ഫെബ്രുവരി 21 വരെ നീട്ടി. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോടതികൾ ഓൺലൈൻ സിറ്റിംഗിലേക്ക് മാറിയത് കണക്കിലെടുത്താണ് ഹൈക്കോടതി ഫുൾബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഫുൾബെഞ്ചാണ് ഉത്തരവു നൽകിയത്.

കൊവിഡ് സാഹചര്യത്തിൽ കക്ഷികൾക്കും അഭിഭാഷകർക്കും കോടതിയിൽ ഹാജരാകാനും ഇടക്കാല ഉത്തരവുകളുടെ കാലാവധി നീട്ടി വാങ്ങാനും ബുദ്ധിമുട്ടുണ്ടെന്നു വിലയിരുത്തിയാണ് നടപടി. ഈ വിഷയം ഫുൾബെഞ്ച് ഫെബ്രുവരി 18 ന് വീണ്ടും പരിഗണിക്കും.