modi-umesh-katti

ബംഗളൂരു: കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാതിരിക്കുന്നത് ശീലമാക്കി കർണാടകയിലെ രാഷ്ട്രീയ നേതാക്കൾ. കഴിഞ്ഞ ദിവസം മന്ത്രി ഉമേഷ് കട്ടിയും ഇത് ആവർത്തിച്ചിരിക്കുകയാണ്. ബിജെപി നേതാവും കർണാടക ഭക്ഷ്യ, വനം വകുപ്പ് മന്ത്രിയാണ് അദ്ദേഹം. മാസ്ക് വയ്ക്കാൻ വിസമ്മതിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ടല്ലോ എന്നാണ് അദ്ദേഹം പറഞ്ഞത്.

മാസ്കിന്റെ കാര്യത്തിൽ പ്രത്യേക നിയന്ത്രണങ്ങളൊന്നും ഇല്ല എന്നും, ധരിക്കണോ വേണ്ടയോ എന്നത് ഒരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ടെന്നും അതിനാൽ ഞാൻ മാസ്ക് ധരിക്കുന്നില്ല എന്നുമാണ് അദ്ദേഹം പറ‌ഞ്ഞത്. രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ ഈ പരാമർശങ്ങൾ. നിലവിൽ കർണാടകയിൽ കൊവിഡിനെ തടയാൻ നിയന്ത്രണങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. മാസ്ക് ധരിക്കാത്ത നിരവധി പേരിൽ നിന്നും സംസ്ഥാനത്ത് പിഴ ഈടാക്കുന്നുമുണ്ട്.

ഇതിനു മുമ്പും കർണാടകയിൽ രാഷ്ട്രീയ നേതാക്കൾ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാത്ത നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാർ കൊവിഡ് ടെസ്റ്റ് നടത്താൻ വിസമ്മതിച്ചിരുന്നു. ആരോഗ്യ മന്ത്രി പറഞ്ഞിട്ടുണ്ടെങ്കിൽ അദ്ദേഹത്തെ പോയി പരിശോധിക്കൂ എന്നാണ് അന്ന് ശിവകുമാർ പറഞ്ഞത്.

നിലവിൽ 2,17,297 സജീവ കേസുകളാണ് കർണാടകയിൽ ഉള്ളത്. 12.45 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മരണ നിരക്ക് 0.05 ശതമാനമാണ് .