feni

കണ്ണൂർ: ഗോവൻ മാതൃകയിൽ കശുമാങ്ങയിൽ നിന്ന് മദ്യം (ഫെനി) ഉത്പാദിപ്പിക്കാനുള്ള കശുഅണ്ടി വികസന കോർപ്പറേഷന്റെ നടപടി അന്തിമഘട്ടത്തിലേക്ക്. ഈ മാസം സർക്കാരിന്റെ അനുമതി കിട്ടുമെന്ന് പ്രതീക്ഷ. വടകര ചോമ്പാലയിലെ കോർപ്പറേഷന്റെ രണ്ടര ഏക്കർ സ്ഥലത്താകും ഫാക്ടറി. കശുമാവ് കർഷകർ ഏറെയുള്ള കണ്ണൂർ, കാസർകോട് ജില്ലകളെ ആശ്രയിച്ചാണ് ഇവിടെ ഫാക്ടറി തുടങ്ങുന്നത്.

ചെലവുകുറഞ്ഞ കൃഷിയാണ് കശുമാവ്. തരിശായ സ്ഥലം മാത്രം മതി. വെള്ളവും വളവും വേണ്ട. ഒരു കിലോ കശുഅണ്ടിക്ക് 140 രൂപയോളം ലഭിക്കുന്നുണ്ട്. ഒരു വൃക്ഷത്തിൽനിന്ന് പത്തു കിലോവരെ കശുഅണ്ടി കിട്ടും. 30-35 വർഷത്തോളം വിളവെടുക്കാം. കശുഅണ്ടിപ്പരിപ്പിന് 900 മുതൽ 1100 രൂപാവരെ വിലകിട്ടുന്നുണ്ട്. പോഷകസമൃദ്ധമായ കശുമാങ്ങ തോട്ടങ്ങളിൽ ചീഞ്ഞളിഞ്ഞു പോവുകയാണ്. ഫെനി ഉത്പാദനം തുടങ്ങിയാൽ കശുമാങ്ങയ്ക്കും വില കിട്ടും. കശുമാവ് കൃഷിയും വർദ്ധിക്കും. കർഷകർക്കും സംരംഭകർക്കും പദ്ധതി വലിയ പ്രയോജനമാകും.

# കൃഷി കൂടുതൽ കണ്ണൂരും കാസ‌ർകോട്ടും

കേരളത്തിൽ ഉത്പാദിപ്പിക്കുന്ന കശുഅണ്ടിയുടെ 60 ശതമാനവും കണ്ണൂർ, കാസർകോട് ജില്ലകളിലായിരുന്നു. 2004-2005ൽ ഇരുജില്ലകളിലുമായി 41,022 ഹെക്ടർ കൃഷിയുണ്ടായിരുന്നു. ഇപ്പോഴിത് 39,068 ഹെക്ടറിലേക്ക് ചുരുങ്ങിയിട്ടുണ്ട്. വില സ്ഥിരതയില്ലാത്തതും സർക്കാരിന്റെ പ്രോത്സാഹനമില്ലാത്തതുമാണ് കാരണം. ഇവിടത്തെ കശുഅണ്ടി ലോകത്തിലെ ഏറ്റവും മികച്ച ഗ്രേഡിൽ പെട്ടതാണ്. ഡബ്ല്യു 180 എൻ ഇനത്തിന് വിദേശത്ത് നല്ല വിലയുണ്ട്.



# ഒരു ലക്ഷം ഹെക്ടറിൽ കൃഷി

 03 കോടി രൂപ:

കമ്പനി തുടങ്ങാൻ ചെലവ്

 100 പേർക്ക്

തുടക്കത്തിൽ തൊഴിൽ

 01 ലക്ഷം ഹെക്ടർ

സംസ്ഥാനത്തെ കശുഅണ്ടി കൃഷി

 82,000 ടൺ

കശുമാങ്ങ ഉത്പാദനം

 50,000 ടൺ

ഉപയോഗ യോഗ്യമായ കശുമാങ്ങ

 2750 ടൺ

ഇതിൽനിന്നു കിട്ടുന്ന മദ്യം

''പാഴായി പോകുന്ന കശുമാങ്ങയെ മൂല്യവർദ്ധിത ഉത്പന്നമാക്കാം. കൂടുതൽ പേർക്ക് തൊഴിൽ നൽകാനും കഴിയും.

-എസ്. ജയമോഹൻ

ചെയർമാൻ, കശുഅണ്ടി വികസന കോർപ്പറേഷൻ